പൊങ്കല്‍ ഉല്‍സവത്തിന് ഒരാഴ്ച മാത്രം ശേഷിയ്ക്കെ ജെല്ലിക്കെട്ട് നിരോധനം നീക്കാനായി തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായി. പ്രതിപക്ഷ നേതാവ് സ്റ്റാലിന്റെ നേതൃത്വത്തില്‍ മധുരയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിജയകാന്തിന്റെ ഡിഎംഡികെ അടക്കമുള്ള മറ്റു പാര്‍ട്ടികളും വരും ദിവസങ്ങളില്‍ സമരത്തിനിറങ്ങും.
മൂന്നു ദിവസം നീളുന്ന പൊങ്കല്‍ ഉല്‍സവത്തില്‍ മാട്ടുപൊങ്കല്‍ ദിവസമാണ് ജെല്ലിക്കെട്ട് അരങ്ങേറുക. പൊങ്കലിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെ ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന ആവശ്യം തെക്കന്‍ തമിഴ്നാട്ടില്‍ ശക്തമായി. മധുര അളകാനല്ലൂരില്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ജെല്ലിക്കെട്ട് നിരോധനം നീക്കാനും കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് കുറ്റപ്പെടുത്തി.
ഈ മാസം 9 മുതല്‍ വിജയകാന്തിന്റെ ഡിഎംഡികെയും ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ രംഗത്തിറങ്ങും. 2014 മേയിലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയെങ്കിലും ഇതും സുപ്രീംകോടതി റദ്ദാക്കി. നിയമ നിര്‍മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ മറികടക്കണമെന്നാണ് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.