വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളെ വലച്ച് സ്വകാര്യ ബസുകളുടെ നിരക്ക് വര്‍ധന. 2,900 രൂപവരെയാണ് വ്യാഴം വെള്ളി ദിവസങ്ങളില്‍ കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക്. കേരള ആര് ടി സി സ്പെഷ്യല്‍ സര്‍വീസുകള്‍ മുന്കൂട്ടിനിശ്ചയിക്കാത്തതും യാത്രാദുരിതം വര്‍ധിപ്പിക്കുന്നു.
എല്ലാ അവധിക്കാലത്തും സ്വകാര്യ ബസുകള്‍ വാങ്ങുന്ന ഉയര്‍ന്ന നിരക്കിന് ഇത്തവണയും മാറ്റമില്ല. എ.സി ബസില്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വരെ എത്തണമെങ്കില്‍ 2900 രൂപ നല്‍കണം. 700 മുതല്‍ ആയിരം രൂപയ്ക്ക് വരെ ടിക്കറ്റ് ലഭിച്ചിരുന്നിടത്താണീ കൊള്ള നിരക്ക്. കൊച്ചിയിലേയ്ക്കാണെങ്കില് 1600 കുറഞ്ഞ് ടിക്കറ്റില്ല. കേരള ആര് ടി സി 18 സ്പെഷ്യല്‍ ബസുകള്‍ അനുവദിച്ചിരുന്നെങ്കിലും ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റുപോയി. കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള സ്പെയര്‍ ബസുകള്‍ ബെംഗളൂരുവില്‍ എത്തിയാല്‍ മാത്രമേ ടിക്കറ്റ് വില്പന ആരംഭിക്കു.
സ്പെഷ്യല്‍ ട്രെയിനുകളിലെ ടിക്കറ്റുകളും തീര്‍ന്നു. വിമാനടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അയ്യായിരം രൂപ മുതല്‍ 20,000 രൂപവരെയാണ് വ്യാഴം വെള്ളി ദിവസങ്ങളിലെ നിരക്ക്.
Advertisement