സൗദി അറേബ്യയില്‍ വനിതയെ സാമൂഹ്യ ക്ഷേമ വകുപ്പില്‍ ഉപമന്ത്രിയാക്കണമെന്ന് ശുപാര്‍ശ. മൂന്നു ശൂറ കൗണ്‍സില്‍ അംഗങ്ങളാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
സൗദി ഉപകിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വിഭാവനം ചെയ്ത വിഷന്‍ 2030ന്റെ ഭാഗമായാണ് വനിതയെ മന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ വകുപ്പില്‍ ഉപമന്ത്രിയായി വനിതയെ നിയമിക്കണമെന്നാണ് നിര്‍ദേശം. 150 അംഗ ശൂറ കൗണ്‍സിലിലെ മൂന്നു വനിതാ അംഗങ്ങളാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നയപരിപാടികളില്‍ ഉപദേശം നല്കുന്ന ഉന്നതാധികാര സമിതിയായ ശൂറ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ വനിതാ മന്ത്രിയെന്ന നിര്‍ദേശം യാഥാര്‍ഥ്യമാകൂ. ശൂറ കൗണ്‍സിലിലെ 150 അംഗങ്ങളില്‍ 30 പേരാണ് വനിതകള്‍.
സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല വനിതാ ഉപമന്ത്രിക്ക് നല്കിയാല് തൊഴില്‍ മന്ത്രിക്ക്, തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടതല്‍ ശ്രദ്ധപതിപ്പിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎഇയും ഒമാനും കുവൈത്തും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് വനിതകളാണ്. ഈ മാതൃക സൗദിയും സ്വീകരിക്കണമെന്നാണ് ശുപാര്‍ശ. എന്നാല്‍ എന്നായിരിക്കും ഇതുസംബന്ധിച്ച ശുപാര്‍ശ ശൂറ കൗണ്‍സില്‍ പരിഗണിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.