കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 29 സേവനങ്ങള്‍ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയാക്കിയതായി ദുബായ് ആര്.ടി.എ. അടുത്ത അഞ്ചു വര്‍ഷത്തിനകം 34 സേവനങ്ങള്‍ കൂടി സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ വഴി നടപ്പാക്കുമെന്നും ആര്.ടി.എ അധികൃതര്‍ അറിയിച്ചു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിഭാവനം ചെയ്ത സ്മാര്‍ട് ദുബായ് പദ്ധതിയുടെ ഭാഗമായാണ് വിവിധ സേവനങ്ങള്‍ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാക്കുന്നത്. 2014ല്‍ പദ്ധതിയ്ക്ക് തുടക്കമിടുന്പോള്‍ 22 സ്മാര്‍ട് സംരഭങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 29 സേവനങ്ങള്‍ സ്മാര്‍ട്ടാക്കാന്‍ ആര്.ടി.എയ്ക്ക് സാധിച്ചു. 2021ല്‍ ആര്.ടി.എയുടെ സ്മാര്‍ട് സേവനങ്ങള്‍ 63 ആക്കുകയാണ് ലക്ഷ്യം. സംയോജിത മൊബിലിറ്റി പ്ലാറ്റ് ഫോം എന്ന ലക്ഷ്യത്തോടെ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്ന സംവിധാനം, ഡിജിറ്റല്‍ ബസ് ടൈം ടേബിള്‍, പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം തുടങ്ങിയവ ആരംഭിക്കും. നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ട്. ഇതിനു പുറമേ സ്മാര്‍ട് പാര്‍ക്കിങ്, സ്മാര്‍ട് സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയും നടപ്പിലാക്കും. ഡ്രൈവിങ് ടെസ്റ്റുകള്‍, ആര്.ടി.എയുടെ പരിശോധനകനില്ലാതെ കംപ്യൂട്ടറിന്റെ സഹായത്തോടെ നടപ്പാക്കുന്നതിനുള്ള പദ്ധതിയും തയാറായി വരികയാണ്.
2021ഓടെ ആകാശ വാഹനങ്ങളും ആര്.ടി.എ രംഗത്തിറക്കും. 2030ല്‍ ദുബായിലെ മുപ്പത് ശതമാനം യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങള്‍ വഴിയാക്കുകയാണ് മറ്റൊരു ലക്ഷ്യം. പൊതു പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സെന്‍സറുകളുടെ സഹായത്തോടെ പാര്‍ക്കിങ് ഒഴിവുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാരെ അറിയിക്കുന്ന സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞതായും ആര്.ടി.എ അധികൃതര്‍ അറിയിച്ചു.