കുവൈത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് നിര്‍ദേശം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പരിഷ്കരണം സംബന്ധിച്ച പഠനത്തിനായി നിയോഗിക്കപ്പെട്ട സമിതിയാണ് അത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദനീയമല്ലാത്ത കുവൈത്തില്‍ വ്യക്തിഗതമായാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ പ്രവര്‍ത്തന അനുമതി നല്കുകവഴി അരക്ഷിതാവസ്ഥയ്ക്കും ഭിന്നതകള്‍ക്കും സാധ്യത ഇല്ലാതാക്കാനാകുമെന്ന് സമിതി വിലയിരുത്തി. തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായാണ് 2006ല്‍ ഒരാള്‍ക്ക് ഒരു വോട്ട് സംവിധാനം ഏര്‍പ്പെടുത്തിയത്. അതുവഴി ചെറിയ ഗോത്രങ്ങള്‍ക്ക് വലിയ പ്രാതിനിധ്യവും വലിയ ഗോത്രങ്ങളില്‍ ഭിന്നതയുമാണ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുതാര്യതയും നീതിയും വ്യക്തമാക്കുന്നതിനും നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തമായ ഉന്നതതല തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ.
ജനാധിപത്യ രാജ്യങ്ങള്‍ പലതിനും അത്തരം സംവിധാനം നിലവിലുണ്ട്. വോട്ടര്‍ പട്ടിക തൊട്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ഈ കമ്മീഷന്റെ ചുമതലയിലാക്കുക, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായം 25 വയസായും വോട്ടവകാശത്തിനുള്ള പ്രായം 18 വയസായും കുറയ്ക്കുക. സൈനികര്‍ക്കും സുരക്ഷാവിഭാഗം ജീവനക്കാര്‍ക്കും വോട്ടവകാശം നല്കു. വോട്ടെടുപ്പും വോട്ടെണ്ണലും ഇലക്ട്രോണിക് സംവിധാനത്തിലാക്കുക തുടങ്ങിയവയാണ് മറ്റു ശുപാര്‍ശകള്‍.