കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസും ഇഖാമയും ഓൺലൈൻ വഴി പുതുക്കുന്ന സംവിധാനം ജൂണോടെ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സംവിധാനം പൂർത്തിയാക്കിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐടി വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അലി അൽ മഈലി അറിയിച്ചു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സ്വദേശികളുടെയും വിദേശികളുടെയും ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കാം. ഗാർഹിക മേഖലയിലെ ഡ്രൈവർമാര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും. സ്വകാര്യമേഖലയിൽ ഇഖാമ പുതുക്കുന്നതിനും ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതോടെ സമയലാഭവും ഓഫീസുകളിലെ അനാവശ്യ തിരക്കും ഒഴിവാക്കാൻ കഴിയും. ഡ്രൈവിങ് ലൈസൻസും ഇഖാമയും പുതുക്കുന്നതിനുള്ള ഫീസും പിഴയും കെ-നെറ്റ് വഴി ഓൺലൈനായി അടക്കാം. ധനമന്ത്രാലയവുമായി അതുസംബന്ധിച്ച ക്രമീകരണങ്ങൾ പൂർത്തീകരിച്ചുവരികയാണ്. എന്നാൽ അത്യാവശ്യ രേഖകൾ ഹാജരാക്കേണ്ടിവന്നാൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പനി ഫയലുകൾ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലും കേസുകൾ നിലനിൽക്കുന്ന അവസ്ഥയിലും അവ പരിഹരിച്ചശേഷമാകണം ഓൺലൈൻ വഴിയുള്ള നടപടികൾ.