ഇന്ത്യയില്‍നിന്ന് വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് പുനരാരംഭിക്കാന്‍ കുവൈത്ത് ആലോചിക്കുന്നു. അതുസംബന്ധിച്ച് നടപടികള്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗാര്‍ഹിക തൊഴില്‍ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അജ്മി അറിയിച്ചു. പ്രശ്നം കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക സമിതി ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
വനിതാ ഗാര്‍ഹികത്തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോള്‍ സ്പോണ്സര് 750 ദിനാര്‍ ബാങ്ക് ഗ്യാരന്റി വെക്കണമെന്ന് ഇന്ത്യാ ഗവണ്മെന്റ് ഉപാധി വച്ചിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാന്‍ കുവൈത്ത് വിസമ്മതിച്ചതോടെ ഗ്യാരന്റി നിര്‍ദേശം പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. അതോടൊപ്പം തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതും ഇന്ത്യന്‍ എംബസി നിര്‍ത്തലാക്കിയത് ഫലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വനിതകളുടെ റിക്രൂട്മെന്റ് അവതാളത്തിലാക്കിയിരുന്നു. കൂടാതെ ഇന്ത്യയില്‍നിന്നുള്ള വനിതാ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കുവൈത്ത് നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.
ഇന്തോനീഷ്യ ഉള്‍പ്പെടെ മറ്റു ചില രാജ്യങ്ങളും വനിതാ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തലാക്കിയതോടെ തൊഴില്‍ വിപണിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമവും ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിന് കാരണമായി. വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയുകയും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു കടുത്ത നടപടിയിലൂടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്.