മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരനുമായി ചര്‍ച്ച നടത്തി. കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ബഹ്റൈന്‍ പ്രധാനമന്ത്രി സ്വീകരിച്ചു.
മനാമയിലെ അല്‍ റിഫ കൊട്ടാരത്തില്‍ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് ചര്‍ച്ച നടത്തിയത്. മലയാളികളുടെ സ്നേഹോപഹാരമായി ചുണ്ടന് വള്ളത്തിന്റെ മാതൃക മുഖ്യമന്ത്രി ബ്ഹറൈന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ തിയതി പിന്നീട് തീരുമാനിക്കും. രാജ്യത്തെ മലയാളി സമൂഹത്തിന്റെ സംഭവാനകള്‍ വിലമതിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് എടുത്തു പറഞ്ഞു. ബഹ്റൈന്‍ കിരീടാവകാശി ഷെയ്ഖ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് കേരള മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഉച്ചവിരുന്ന് നല്കി.
ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ, വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്, സോമന് ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വൈകീട്ട് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന സ്വീകരണത്തിലും ബിസിനസ് മീറ്റിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.