യുഎഇയിലെ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള അതിവേഗ നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം തുടക്കമിടുന്നു. റോഡപകടങ്ങള്‍ മൂലമുള്ള മരണവും സ്ഥിരമായി വൈകല്യം സംഭവിക്കുന്നത് ഉള്‍പ്പെടെയുള്ള പരുക്കുകളും പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.
അമിത വേഗം, പെട്ടന്നുള്ള ലെയ്ന്‍ മാറ്റം, മുന്നറിയിപ്പ് സിഗ്നല്‍, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കല്‍, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാര്‍ക്കും ബോധവല്കരണം നല്‍കും. അബുദാബി-സില റോഡ്, അബുദാബി-അല്‍ഐന്‍ റോഡ്, ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷാര്‍ജയിലെ മലീഹ റോഡ്, ഉമ്മുല്ഖൈവിനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നീ അപകട പാതകള്‍ കേന്ദ്രീകരിച്ചാണ് ബോധവല്കരണം. കര്‍ശന നടപടികളിലൂടെ റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്ക് ക്രമാനുഗതമായി കുറയ്ക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള ലഫ്.കേണല്‍ സുഹൈല്‍ സിയാഹ് അല്‍ മസ്റൂയി പറഞ്ഞു.
ലക്ഷത്തില്‍ ആറു പേര് മരിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. 2021 ആകുമ്പോഴേക്കും ഇത് ലക്ഷത്തില്‍ മൂന്നാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രധാന പാതകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനമൊരുക്കി. റോഡിന്റെ പോരായ്മകളും അപകട മേഖലകളും കണ്ടെത്തി വേഗത്തില്‍ പരിഹരിക്കും. ലൈറ്റിങ് സംവിധാനങ്ങള്‍, ദിശാസൂചികകള്‍, മറ്റു സുരക്ഷാകാര്യങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയും ചെയ്യും.