ദുബായ് മാരത്തണില്‍ ഇത്യോപ്യന്‍ മുന്നേറ്റം. പുരുഷവിഭാഗത്തില്‍ ടമിറാത് തോലയും വനിതാ വിഭാഗത്തില്‍ വര്ക്നേഷ് ഡെജീഫയും ജേതാക്കളായി.
42 കിലോമീറ്റര്‍ എന്ന ലക്ഷ്യം രണ്ടു മണിക്കൂര്‍ നാലു മിനിറ്റ് പതിനൊന്ന് സെക്കന്‍ഡില്‍ മറികടന്നാണ് ടമിറാത് തോല വേഗത്തിന്റെ രാജാവായത്. മാരത്തണ്‍ റെക്കോര്‍ഡിനൊപ്പം സ്വന്തം സമയം മെച്ചപ്പെടുത്താനും തോലയ്ക്കായി. ഇത്യോപ്യയുടെ തന്നെ മുലെ വാസിഹുന് രണ്ടാം സ്ഥാനവും സിസേ ലെമ്മ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ ജേതാവായ വര്ക്നേഷ് ഡെജീഫ രണ്ടു മണിക്കൂര്‍ 22 മിനിറ്റ് 36 സെക്കന്റിലാണ് ലക്ഷ്യംകണ്ടത്. ഒളിംപിക് മെഡല്‍ ജേതാവ് കെനെനിസ ബെകെലെക്ക് തുടക്കത്തില്‍തന്നെ പരുക്കേറ്റതിനാല്‍ മല്‍സരത്തില്‍നിന്ന് പിന്മാറിയിരുന്നു. വിജയികള്‍ക്ക് ദുബായ് ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ് ചെയര്മാന് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ജേതാക്കള്‍ക്ക് രണ്ടു ലക്ഷം ഡോളര്‍ വീതമാണ് സമ്മാനം.