ദുബായിലെ ടാക്സി സേവനം ഇനി വിളിച്ചാൽ വിളിപ്പുറത്ത്. ലോകോത്തര ടാക്സി സേവന ദാതാക്കളായ ഉബറുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആര്‍ടിഎ) കരാറൊപ്പിട്ടതോടെയാണ് സേവനം മികവിന് തിളക്കം കൂടിയത്. ഉബര്‍ ആപ്ലിക്കേഷനിലൂടെ നിമിഷനേരംകൊണ്ട് ലോകോത്തര സേവനം എത്തിക്കുകയാണ് ലക്ഷ്യം.
മൂന്നു വര്‍ഷമായി ദുബായില്‍ ലിമോസിന് സര്‍വീസ് നല്‍കിവരുന്ന ഉബര്‍, ടാക്സി സേവനം കൂടി ഏറ്റെടുക്കുകയാണ്. 9841 ടാക്സികളും 4700 ലിമോസിനുകളും ഉള്‍പെടെ 14000 വാഹനങ്ങളാണ് ഉബറിലൂടെ ലഭ്യമാകുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായറും ഉബര്‍ മിഡില്‍ ഈസ്റ്റ് റീജനല്‍ മാനേജര്‍ ആന്റണി ഖൂരിയും ഒപ്പുവച്ചു.
ടാക്സി സേവനത്തിന് പുതിയ മുഖം ലഭിക്കുമെങ്കിലും നിരക്കില്‍ വ്യത്യാസമുണ്ടാകില്ലെന്ന് ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗം തേടുന്നതിന്റെ ഭാഗമായാണ് പദ്ധതി. നിലവിലെ വാഹനങ്ങള്‍ ലഭ്യമാക്കിയാകും സേവനം എന്നതിനാല്‍ നിരത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.