ഇഷ്ടഭക്ഷണം കഴിക്കുന്നതിനൊപ്പം നഗരത്തിന്റെ ഏതു ഭാഗത്തെ കാഴ്ചകളും ആസ്വദിക്കാനും കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കറങ്ങും ടവറിന്റെ നിര്‍മാണം 2020-ഓടെ പൂര്‍ത്തിയാകും. ഒരോ യൂണിറ്റും ഉപയോഗിക്കുന്നവരുടെ ആവശ്യത്തിനനുസരിച്ചു ചുറ്റിക്കറക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മിക്കുന്നത്. 2008-ലാണ് ഡൈനാമിക ടവര്‍ ഹോട്ടലിന്റെ നിര്‍മാണം ആരംഭിച്ചത്. 1375 അടി ഉയരത്തില്‍ 80 നിലകളിലാണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. 355 മില്യണ്‍ പൗണ്ടാണ് നിര്‍മാണച്ചെലവ്.
മധ്യഭാഗത്തുള്ള കോണ്‍ക്രീറ്റ് നിര്‍മിതിയില്‍ ബന്ധപ്പെടുത്തിയിരിക്കുന്ന അപ്പാര്‍ട്ട്മെന്റുകള്‍ 360 ഡിഗ്രി വരെ തിരിക്കാന്‍ കഴിയും. മുറികളില്‍ താമസിക്കുന്നവര്‍ക്ക് ശബ്ദ നിര്‍ദേശങ്ങളിലൂടെ ഇതു നിയന്ത്രിക്കാനാവും. കാറ്റു കൊണ്ടു പ്രവര്‍ത്തിക്കുന്ന 79 ടര്‍ബൈനുകള്‍ ഓരോ നിലയിലും ഘടിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹോട്ടല്‍ എന്നതിനപ്പുറത്തേക്ക് ഒരു പുതിയ അനുഭവം എന്ന നിലയിലാണ് ടവര്‍ നിര്‍മിക്കുന്നതെന്ന് ഡൈനാമിക് ഗ്രൂപ്പ് അവകാശപ്പെട്ടു.
ഇസ്രയേലി-ഇറ്റാലിയന്‍ ആര്‍ക്കിടെക്ടായ ഡേവിഡ് ഫിഷറാണ് ടവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മുന്‍കൂട്ടി തയാറാക്കുന്ന യൂണിറ്റുകള്‍ മധ്യത്തിലുള്ള കോണ്‍ക്രീറ്റ് നിര്‍മിതിയില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിര്‍മാണത്തിനുള്ള അനുമതി ഉള്‍പ്പെടെ ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് പദ്ധതി ഏതാണ്ട് ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും പൂര്ത്തിയാകാത്തതെന്നു കമ്പനി അറിയിച്ചു. എല്ലാ നിലകളിലും സ്വിമ്മിങ് പൂളുകളും പൂന്തോട്ടവും ഉടമകള്‍ക്കു സ്വന്തം ഫ്ളാറ്റിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കാര്‍ ലിഫ്റ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഷര്‍ പറഞ്ഞു.