അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ എട്ടാമത് ഭരത് മുരളി നാടകോല്‍സവത്തിന് കൊടി ഇറങ്ങി. ചാര്‍ളി ചാപ്ലിന്റെ ജീവിതകഥ പറയുന്ന ചിരി എന്ന നാടകമായിരുന്നു അവസാനദിനം അരങ്ങിലെത്തിയത്.
മൂന്നാഴ്ചക്കാലം നീണ്ടു നിന്ന ഭരത് മുരളി നാടകോല്‍സവത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 12 നാടകങ്ങളാണ് അരങ്ങിലെത്തിയത്. നൂറുകണക്കിന് ആസ്വാദകരാണ് ഓരോ ദിവസവും നാടകം കാണാനെത്തിയത്. ദുബായ് തിയേറ്റര്‍ ആര്‍ട്സിന്റെ രണ്ട് അന്ത്യരംഗങ്ങളായിരുന്നു ഉദ്ഘാടന നാടകം.
വിശ്വവിഖ്യാത ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന്റെ ജീവിതകഥ ചിരി എന്ന പേരില്‍ അവസാന ദിവസം അരങ്ങിലെത്തി. നിറഞ്ഞ കയ്യടികളോടെയാണ് ചിരിയെയും ചിരിക്കു പിറകിലെ ജീവിതത്തെയും പ്രേക്ഷകര്‍ വരവേറ്റത്.
സംസ്ഥാന പുരസ്കാര ജേതാവായ ജിനോ ജോസഫാണ് ചിരിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. നാടകോല്‍സവത്തിലെ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.