അബുദാബി: നാഷനൽ എക്‌സിബിഷൻ സെന്ററിൽ വേൾഡ് സ്‌കിൽ അബുദാബി 2017 നാളെ(ഞായർ) ആരംഭിക്കും. ഇന്ത്യയുൾപ്പെടെ ലോകത്തിലെ 77 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിൽ 18 വരെയാണ് വേൾഡ് സ്‌കിൽ.
ഓരോ രാജ്യങ്ങളിലെയും വൊക്കേഷനൽ വിദ്യാഭ്യാസ പരിശീലന വികസനത്തിന്റെ ഭാഗമായാണ് ലോകനിലവാരത്തിലുള്ള വൈജ്ഞാനികവും പരിചയസമ്പന്നവുമായ വൈദഗ്ധ്യം പരസ്പരം പങ്കുവയ്ക്കുന്ന വേൾഡ് സ്‌കിൽ മൽസരങ്ങൾ ഇതോടനുബന്ധിച്ചു നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. പരമ്പരാഗത തൊഴിൽ വൈദഗ്ധ്യം ഉൾപ്പെടെയുള്ള വൊക്കേഷനൽ നൈപുണ്യങ്ങൾ പ്രകടിപ്പിക്കാനും പരിശീലിപ്പിക്കാനും സുവർണാവസരമൊരുക്കിക്കൊണ്ടാണ് പരിപാടി. സാങ്കേതിക മികവിൽ അധിഷ്ഠിതമായ തൊഴിൽ പരിശീലനങ്ങൾക്കുള്ള പ്രത്യേക അവസരവും ഉണ്ട്. ലോക സാമ്പത്തികാഭിവൃദ്ധിക്കും സാമൂഹിക പുരോഗതിക്കും മുതൽക്കൂട്ടാവുന്ന പരിപാടിയിലൂടെ പുതിയ തൊഴിൽ അവസരങ്ങൾക്കുള്ള സാധ്യതയും അവസരങ്ങളും ഉണ്ടാക്കുകയും ലക്ഷ്യമാണ്.
ഉന്നത നിലവാരത്തിലുള്ള വെക്കേഷണൽ പരിശീലനത്തിലൂടെ വിദഗ്ധരും പരിചയ സമ്പന്നരുമായ പ്രതിഭകൾ 51 ഇനം മൽസരങ്ങളിൽ പരിപാടിയുടെ ഭാഗമായി മാറ്റുരക്കും. കെട്ടിട നിർമാണവും ബിൽഡിങ് സാങ്കേതികതയും, സൃഷ്ടിപരമായ കലകളും, ഫാഷനും, വാർത്താവിനിമയ വിവര സാങ്കേതികത, നിർമാണ സാന്‌ങ്കേതികത, വ്യക്തിഗത സാമൂഹിക സേവനം, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലയിലെ വിവിധ വൊക്കേഷണൽ പരിശീലനങ്ങളാണ് പദ്ധതിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ നൈപുണ്യങ്ങളുടെ മാറ്റുരക്കലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നടത്തുക.
3ഡി ഡിജിറ്റൽ ഗെയിമിങ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, ആർക്കിടെക്ചറൽ, ഓട്ടോ ബോഡി റിപ്പയർ, ഓട്ടോമൊബീൽ ടെക്‌നോളജി, ബേക്കറി, ബ്യൂട്ടിതെറാപ്പി, ക്യാബിനറ്റ് നിർമാണം, കാർ പെയിന്റിങ്, ഹെയർ ഡ്രസ്സിങ്, കാർപെന്ററി, കോൺക്രിറ്റ് നിർമാണം, ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, പ്രിന്റ് മീഡിയ, ലാൻഡ്‌സേകേപ്പിങ്, പാചകം, ഗ്രാഫിക് ഡിസൈൻ, വെൽഡിങ്, വെബ് ഡിസൈനിങ് തുടങ്ങി നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത തൊഴിൽ പരിശീലനങ്ങളുടെ മൽസരങ്ങളാണ് നടക്കുക.
ഫിക്‌സിങ്, മേക്കിങ്, ക്രാഫ്റ്റ്മാൻഷിപ്പ്, ജനസേവനം, കമ്പ്യൂട്ടർ ഉപയോഗം, ടീം വർക്ക്, പുറം ജോലികൾ എന്നിവയും വേൾഡ് സ്‌കിൽ അബുദാബിയിൽ ശ്രദ്ധേയമാവും. 51 രാജ്യങ്ങളിൽ നിന്നായി 1254 മൽസരാർഥികളാണ് 51 തൊഴിൽ വൈദഗ്ധ്യ നൈപുണ്യ മൽസരത്തിൽ പങ്കെടുക്കുക.