അമ്പരപ്പിക്കുന്ന സൗന്ദര്യവും അതിനൂതന സംവിധാനങ്ങളുമായി ദുബായില്‍ ഡിസ്ട്രിക്ട് 2020 വരുന്നു. ലോകം സംഗമിക്കുന്ന വേള്‍ഡ് എക്‌സ്‌പോ അടങ്ങുന്നതായിരിക്കും ഡിസ്ട്രിക്ട് 2020 എന്ന വിസ്മയ മേഖല.
65000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന താമസകേന്ദ്രങ്ങള്‍, 1.35 ലക്ഷം ചതുരശ്രമീറ്റര്‍ വാണിജ്യമേഖല എന്നിവയ്ക്ക് പുറമെ വിദ്യാഭ്യാസ, സാംസ്‌കാരിക, ഉല്ലാസ കേന്ദ്രങ്ങളുമായാണ് ഡിസ്ട്രിക്ട് 2020 അണിഞ്ഞൊരുങ്ങുക. ലോകത്തിന് പുതിയ ആശയങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന മേളയാകും ദുബായില്‍ അരങ്ങേറുകയെന്ന് ദുബായ് എക്‌സ്‌പോ 2020 ബ്യൂറോ ഡയറക്ടര്‍ ജനറലും രാജ്യാന്തര സഹകരണ സഹമന്ത്രിയുമായ റീം അല്‍ ഹാഷിമി പറഞ്ഞു. യുഎഇയുടെ പൈതൃകവും മുന്നേറ്റവും വിളംബരം ചെയ്യുന്ന സംവിധാനങ്ങള്‍ സജ്ജമാക്കും.
ഭാവി പദ്ധതികള്‍ മുന്നില്‍ കണ്ട് എക്‌സ്‌പോയോട് അനുബന്ധിച്ചുള്ള നിര്‍മിതികളെല്ലാം സ്ഥിരം സംവിധാനമായിരിക്കും. ഇതാണ് ഡിസ്ട്രിക്ട് 2020 എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ലീഡ്‌ഗോള്‍ഡ് രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിര്‍മിതികളാണ് ഇവിടെ ഉണ്ടാകുക. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.