നിലപാട് മാറ്റിയില്ലെങ്കില്‍ ഗള്‍ഫ് സഖ്യരാഷ്ട്രങ്ങള്‍ക്ക് ഖത്തറുമായി കൂടുതല്‍ അകലേണ്ടിവരുമെന്ന് യുഎഇ വിദേശ കാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. യുഎഇ, സൗദി, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ കൈവശമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ശക്തവും വ്യക്തവുമായ തീരുമാനമെടുക്കും. ഭീകരതയെ എതിര്ക്കുന്നരാജ്യങ്ങള്ക്ക് സ്വന്തം സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ പരമാധികാരമുണ്ടെന്നും യുഎഇ വിദേശ കാര്യ സഹമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഖത്തറിന്റെ നിലപാടുകള്‍ സുദീര്‍ഘമായ അകല്‍ച്ചയിലേക്കാണ് നയിക്കുന്നത്. അവര്‍ക്കു മുന്നില്‍ അതിര്‍ത്തികള്‍ അടച്ചിടാതെ വഴിയില്ല. ഗൂഢാലോചനകള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കും. മനോഭാവത്തില്‍ ആശാവഹമായ മാറ്റമുണ്ടാകാത്ത നിലയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ സമീപനമാകും ഖത്തറിനോട് സ്വീകരിക്കുക. ദേശീയ താല്പര്യം അനുസരിച്ചാണ് സഖ്യരാഷ്ട്രങ്ങളുടെ തീരുമാനങ്ങള്‍. വിശ്വാസം നഷ്ടപ്പെടുകയും അതു തുടരുകയും ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ഐക്യവും സമാധാനവുമുള്ള മേഖലയാണ് സഖ്യരാഷ്ട്രങ്ങളുടെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.
യുഎസുമായി ഭീകരവിരുദ്ധ കരാര്‍ ഒപ്പുവച്ചെങ്കിലും ഖത്തര്‍ അതു പാലിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി രണ്ടു കരാറുകളില്‍ ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും അതു പാലിച്ചിട്ടില്ല. നിലപാടുകളില്‍ സത്യസന്ധത തെളിയിക്കണം. ഭീകരസംഘടനകളോട് ഒരു തരത്തിലുമുള്ള മൃദു സമീപനവും സഖ്യരാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകില്ല. മറുചേരിയില്‍ നില്‍ക്കാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് പിരിയുന്നതിലേക്കായിരിക്കും നയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.