ഡോര്‍ ടു ഡോര്‍ കാര്‍ഗോ പ്രതിസന്ധിക്ക് പരിഹാരം തേടി ഇന്ത്യന്‍ കൊറിയേഴ്സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷന് നിയമ നടപടിയുമായി മുന്നോട്ട്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി രാഷ്ട്രീയ തലത്തില്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കും.
കെട്ടിക്കിടക്കുന്ന കാര്‍ഗോ എത്രയും വേഗം വീണ്ടെടുക്കാനുള്ള സംവിധാനമുണ്ടാക്കുക, സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയായ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡല്‍ഹിയിലെത്തുന്ന ഏഴംഗ സംഘം മുഖ്യമായും ഉന്നയിക്കുക. കഴിഞ്ഞ മാസം 30ന് നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം കാര്‍ഗോ മേഖല വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തും.
പുതിയ നിയമം വരുന്നതറിയാതെ കാര്‍ഗോ അയച്ചവരാണ് വെട്ടിലായത്. കാര്‍ഗോ നീക്കം സ്തംഭിച്ചതിന് പുറമെ കസ്റ്റംസ് തീരുവ കൂടി നല്‍കിയാലേ ഇവ ഉടമസ്ഥര്‍ക്ക് കിട്ടൂ എന്ന സ്ഥിതിക്ക് നീതിപൂര്‍വകമായ പരിഹാരം വേണമെന്നും ആവശ്യപ്പെടും. യുഎഇയിലെ കാര്‍ഗോ രംഗത്തെ സുതാര്യത ഉറപ്പുവരുത്താനായി തുടങ്ങിയ www.nrid2d.com വെബ്സൈറ്റില്‍ പരാതിപ്പെടാനും സൌകര്യം ഒരുക്കിയിട്ടുണ്ട്.