സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഇനി മുതല്‍ ബാങ്ക് വഴി. വീട്ടുജോലിക്കാരി, ഡ്രൈവര്‍, തോട്ടക്കാരന് എന്നിവരാണ് പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുന്നത്.
ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള കരാര്‍ പാലിക്കുന്നതിനും, തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഗാര്‍ഹിക തൊഴിലാളികളുടെ ശന്പളം ബാങ്കുവഴിയക്കാനുള്ള ഉത്തരവ്. ശന്പളം നല്കാതിരിക്കുന്നതും, അധിക ജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നതും അടക്കം ഒട്ടേറെ പരാതികളാണ് ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് എംബസികളിലും തൊഴില്മന്ത്രാലയത്തിലും എത്തുന്നത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇത്തരം പരാതികള്‍ക്ക് ഒരളവു വരെ കുറവുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടമായി തൊഴിലുടമ തൊഴിലാളിയുമായുള്ള കരാർ www.musaned.gov.sa എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
തുടർന്ന് തൊഴിലാളികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കണം. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ തൊഴിൽദാതാവും തൊഴിൽ ദാതാവിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ ജീവനക്കാരനും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ 19911 എന്ന ടോൾഫ്രീ നമ്പർ വഴിയോ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.