ഹിന്ദി ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ സ്ട്രൈക്കേഴ്സും ദുബായ് ഡാഷേഴ്സ് ഇലവനും ദുബായിലെ ഫുട്ബോൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നു. ഇൗ മാസം 19ന്(വെള്ളി) വൈകിട്ട് ദുബായ് അൽ വാസൽ സ്റ്റേഡിയത്തിലാണ് പരിപാടി. സൂപ്പർ താരം സൽമാൻ ഖാൻ പങ്കെടുക്കും.
ദുബായ് സ്പോർട്സ് കൗൺസിലാണ് ദുബായ് ടീമിനെ തിരഞ്ഞെടുക്കുക. ബോളിവുഡിൽ നിന്ന് നടന്മാരായ സുശാന്ത് സിങ് രജപുത്, ബോബി ഡിയോൾ, വിദ്യുത് ജാംവാൽ, സൂരജ് പാഞ്ചോളി, അമിത് സധ്, സചിൻ ജോഷി, വട് സൽ സേത്ത്, ഒാംകാർ കപൂർ, ഡിനോ മൊറെ, അഫ് താബ് ശിവദാസിനി, സാഖിബ് സാലിം എന്നിവരുൾപ്പെടെ 16 പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്ന് നടനും നിർമാതാവുമായ സുഹൈൽ ഖാൻ പറഞ്ഞു. 8000 പേർ മത്സരം വീക്ഷിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഫുട്ബോൾ മത്സരം കൂടാതെ, സംഗീത പരിപാടിയും അരങ്ങേറും. ആഗോള ഗവേഷക സംഘമായ അരാൻകയുടെ സഹകരണത്തോടെ മെഹർ മിറാക്കിൾ സ്, സുഹൈൽ ഖാൻ്റെ ജെഎ ഇവൻ്റ്സ് കമ്പനികളാണ് പരിപാടി സംഘടിപ്പിക്കുന്നത്.