സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയ 98 പ്രത്യേക കേന്ദ്രങ്ങളില്‍ വിവിധ രാജ്യക്കാരായ അപേക്ഷകര്‍ എത്തിത്തുടങ്ങി. ഇന്ത്യന്‍ എംബസി ഉള്‍പെടെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലങ്ങളും സഹായ കേന്ദ്രങ്ങളുമായി രംഗത്തുണ്ട്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ നൂറുകണക്കിന് പേരാണ് ജവാസാത്തിലും അനുബന്ധ കേന്ദ്രങ്ങളിലും ആദ്യ ദിവസം തന്നെ എത്തിയത്. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലുമായി ഇതോടകം അഞ്ഞൂറോളം പേര് എത്തി.
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി നേരത്തെ 350ഓളം പേര് അപേക്ഷിച്ചിരുന്നു. ഇന്ന് മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇ.സി സൌജന്യമായി നല്‍കുമെന്നും എംബസി അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.sa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ് തുറന്ന് പാസ്പോര്‍ട്ടിലെ അപ്പോയ്മെന്റില്‍ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും ജനനതീയതിയും നല്‍കണം.
ഇഖാമയില്ലാത്തവര്‍ എന്‍ട്രി-ബോഡിങ് നമ്പറാണ് നല്‍കേണ്ടത്. തുടര്‍ന്ന് കംപ്യൂട്ടര്‍ നല്കുന്ന അപ്പോയ്മെന്റ് നമ്പറും തീയതിയും സമയവും സ്ഥലവും അനുസരിച്ച് ജവാസാത്തിലെത്തിയാല് എക്സിറ്റ് ലഭിക്കും. ഇതോടെ ശിക്ഷകൂടാതെ രാജ്യം വിടാന്‍ അനുമതിയായി. പൊതുമാപ്പ് ഉപയോഗിച്ച് പോകുന്നവര്‍ക്ക് തിരിച്ചുവരാമെന്നും സൌദി വ്യക്തമാക്കുന്നു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.