വിവാഹം കഴിഞ്ഞുള്ള ആദ്യ ഒാണം എല്ലാ ദമ്പതികൾക്കും പ്രിയപ്പെട്ടതാണ്. അത് പോലെ തന്നെയാണ് സീരിയൽ താരം ശാലുകുര്യനും ഭർത്താവ് മെൽവിനും. തങ്ങളുടെ ആദ്യത്തെ ഒാണം ബന്ധുക്കളോടൊപ്പമായിരിക്കുമെന്ന് ശാലു നേരത്തേ പറഞ്ഞിരുന്നതാണ്.
ഇൗ ഒാണം സ്പെഷലാണ്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തേതാണ്. ഒാണക്കോടിയെടുക്കലൊക്കെ കഴിഞ്ഞു. ഇപ്പോൾ ഞാനും ഭർത്താവും തമാസിക്കുന്നത് കൊച്ചിയിലായതുകൊണ്ട് നഗരത്തിലെ തിരക്ക് പേടിച്ച് ഷോപ്പിങ്ങൊക്കെ നേരത്തെ തന്നെ നടത്തി. ഏത് ഒാണമായായലും ഒാണക്കോടി നിർബന്ധമാണ്.
ഇത്തവണ പപ്പയ്ക്കും മമ്മിക്കും അടുത്ത ബന്ധുക്കൾക്കുമൊക്കെ ഒാണക്കോടി എടുത്തിട്ടുണ്ട്. അദ്ദേഹം കൊച്ചിയിലെ ഒരു പ്രൈവറ്റ് ഹോട്ടലിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹത്തിന് കുറച്ച് ലീവേ ഉള്ളൂ. അതുകൊണ്ട് ഉള്ള സമയത്ത് അടുത്ത ബന്ധുക്കളെ കാണണം. എനിക്ക് എല്ലാ മാസവും പതിനഞ്ചാം തീയതിക്കു ശേഷം മാത്രമേ സീരിയൽ ഷൂട്ടിങ്ങുള്ളൂ.
ഒാണത്തിന് ഇത്തവണ പാചകം ചേയ്യേണ്ടി വരില്ല. കാരണം ബന്ധുക്കളുടെ വീട്ടിലായിരിക്കും എന്നാണ് വിശ്വാസം. ഒാണത്തിന് ഒരു ദിവസം എന്തായാലും പക്കാ വെജിറ്റേറിയൻ ഭക്ഷണമായിരിക്കും കഴിക്കുന്നത്. ബാക്കി ദിവസങ്ങളൊക്കെ നോൺവെജ് നിർബന്ധമാണ്, ശാലു കുര്യൻ മനോരമ ന്യൂസിനോട് പറഞ്ഞു.