റിലയൻസ് ജിയോയുടെ സൗജന്യ ഓഫറുകൾക്കു വൻ ജനസ്വീകാര്യത ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ജിയോയെക്കുറിച്ചുള്ള വാർത്തകൾക്കും വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. ഇതു മുതലെടുത്ത് ചില ഓൺലൈൻ തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നു. ജിയോ ഇപ്പോൾ നൽകുന്ന ഹാപ്പി ന്യൂ ഇയർ ഓഫറിലെ ഡൗൺലോഡ് പരിധി ഉയർത്താമെന്ന വാഗ്ദാനവുമായാണു തട്ടിപ്പ്.
നിലവിൽ പ്രതിദിനം 1ജിബി അതിവേഗ ഇന്റർനെറ്റാണു ജിയോ നൽകുന്നത്. പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത വളരെ കുറയും. ഇതു മറികടക്കാൻ http://upgrade-jio4g.ml/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജിയോയുടെ ഔദ്യോഗിക സേവനമെന്ന നിലയ്ക്കാണു ഫേസ്ബുക്കിലും വാട്സാപ്പിലും തട്ടിപ്പ് അരങ്ങേറുന്നത്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങൾ ആരായുന്ന പുതിയ വിൻഡോ തുറക്കപ്പെടും. അതിൽ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവുമൊക്കെ നൽകണം. ഇതു പൂർത്തിയായാൽ പിന്നെ ഇതു 10 പേർക്കു ഷെയർ ചെയ്യൂ എന്ന സന്ദേശം വരും. ഓർക്കുക.. നിങ്ങളുടെ രഹസ്യ വിവരങ്ങൾ പോലും ചോർത്തിയെടുക്കാൻ ഓൺലൈൻ തട്ടിപ്പുകാർ ഒരുക്കുന്നതാണ് ഇത്തരം ചതിക്കുഴികൾ.
റിലയൻസ് ജിയോ ഹാപ്പി ന്യൂ ഇയർ ഓഫറിൽ പ്രഖ്യാപിച്ചതിൽനിന്നു യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.