ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ തേടി ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നിലവിലെ കോച്ച് അനില്‍ കുംബ്ലെയുടെ കാലാവധി ചാംപ്യന്‍സ് ട്രോഫിയോടെ അവസാനിക്കും. കുംബ്ലെ തുടരുന്നതില്‍ ബിസിസിഐയ്ക്കുള്ള അതൃപ്തിയാണ് കരാര്‍ പുതുക്കാത്തതിന് കാരണം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടീം ഇന്ത്യയുടെ പരിശീലകനായി അനില്‍ കുംബ്ലെ ചുമതലയേല്‍ക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരെ ടെസ്റ്റ് പരമ്പരവിജയവും ടെസ്റ്റ് റാങ്കിങ്കിങ്ങിലെ ഒന്നാം നമ്പര്‍ വണ്‍ പദവി അരക്കിട്ടുറപ്പിക്കലും. ഒട്ടും മോശമായിരുന്നില്ല പ്രകടനം. എന്നാല്‍ അടുത്തിടെയുണ്ടായ ബിസിസിഐ - ഐസിസി തര്‍ക്കത്തില്‍ കുംബ്ലെയുടെ പ്രതികരണം ബിസിസിഐയെ ചൊടിപ്പിച്ചു.
പിന്നാലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും വന്‍ വേതനവര്‍ധന ആവശ്യപ്പെടുകയും ചെയ്തതോടെ അനില്‍ കുംബ്ലെ ബിസിസിഐയുടെ കണ്ണിലെ കരടായി. ഇതാണ് കരാര്‍ പുതുക്കാതെ പുതിയ പരിശീലകനെ തേടി അപക്ഷേ ക്ഷണിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. ഈ മാസം മുപ്പത്തിയൊന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ബിസിസിഐ ഉപദേശകസമിതി അംഗങ്ങളായ സച്ചിന്, ഗാംഗുലി, ലക്ഷ്മണ് എന്നിവര്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കുംബ്ലെയ്ക്ക് വീണ്ടും കോച്ചായി എത്തണമെങ്കില്‍ ഈ നടപടിക്രമങ്ങളെല്ലാം ആവര്‍ത്തിക്കണം. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന ട്വന്റി 20 പരമ്പരയ്ക്ക് ടീം ഇന്ത്യ പോകുന്നത് പുതിയ പരിശീലകന് കീഴിലായിരിക്കും.