ജയ്പൂരില്‍ മലയാളി എന്‍ജിനീയറെ ഭാര്യവീട്ടുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അമിത് നായരാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതക ശേഷം രക്ഷപ്പെട്ട ജയ്പൂര്‍ സ്വദേശികളായ ഭാര്യാ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു വര്‍ഷം മുന്‍പാണ് അമിത് നായരും മംമ്താ ചൗധരിയും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേ്േഷം പലപ്പോഴായി മംമ്തയെ തിരികെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. അന്നു മുതലേ അമിതിന് നേരെ ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നു. വൈകീട്ട് ജഗദംബാ വിഹാറിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭാര്യ വീട്ടുകാര്‍ അമിതിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
മംമ്താ ചൗധരിയുടെ സഹോദരന് ജീവന് റാം ചൗധരി, അയാളുടെ ഭാര്യ ഭഗ്വാനി ചൗധരിയും മറ്റു രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇവരെ പൊലീസ് പിടികൂടി. കൊലപാതകം, അതിക്രമിച്ചു കടക്കല്‍ ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയതെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു. നെഞ്ചിലും കഴുത്തിലുമാണ് അമിതിന്് പരുക്കേറ്റത്. മംമ്ത ഗര്‍ഭിണിയാണെന്ന് അറിഞ്ഞതാണ് വീട്ടുകാരുടെ ദേഷ്യം വര്‍ധിക്കാന്‍ കാരണം. മംമ്തയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു.
തെലുങ്കാനയില്‍ പ്രണയവിവാഹിതയായ നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍. തെലങ്കാന സ്വദേശിനി സ്വാതിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാന കൊലയാണെന്ന് സംശയമുണ്ട്. ഭര്‍ത്താവ് അംബോജി നരേഷിനെ കാണിനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.