ടി.പി.സെന്‍കുമാര്‍ കേസില്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത പ്രഹരം. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധി നടപ്പാക്കാത്ത സര്‍ക്കാരിന് കോടതിയലക്ഷ്യനോട്ടീസയച്ചു. വിധിയില്‍ വ്യക്തതവരുത്തണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. നിയമനം വൈകിപ്പിച്ചാല്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധി പതിനൊന്നുദിവസമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി സര്‍ക്കാരിനെതിരെ വാളെടുത്തത്. സെന്‍കുമാറിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് മദന്‍ ബി.ലോക്കുര്‍ അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസയച്ചു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്ന കനത്ത താക്കീതോടെ കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിനും സര്‍ക്കാര്‍ നടപടി നേരിട്ടു. ഹര്‍ജി തള്ളിയ ബഞ്ച് കോടതിച്ചെലവായി സര്‍ക്കാര്‍ ഇരുപത്തയ്യായിരം രൂപ അടയ്ക്കാന്‍ ഉത്തരവിട്ടു. സെന്‍കുമാറിനെ പുനര്നിയമിക്കേണ്ട പദവിയുടെ പേരുസംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് വിധി നടപ്പാക്കല്‍ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഹര്‍ജി തള്ളിയ കോടതി നടപടി ആരോപണം പരോക്ഷമായി ശരിവയ്ക്കുന്നതിന് തുല്യവുമായി.