ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ നടന്നുവെന്നു പറഞ്ഞു നടക്കുന്നവർ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ധീരത കാട്ടണമെന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ നടന്നുവെന്നതു വലിയ ധീരതയല്ല. ഇതൊക്കെ വെറും പൊങ്ങച്ചം പറച്ചിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്കു പിന്തുണയുമായി യുവകലാസാഹിതി നടത്തിയ സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടിട്ടു മനസ്സിളകാത്തവർക്കാണു കുരിശു കണ്ടപ്പോൾ ഹാലിളകിയത്. തിരഞ്ഞെടുപ്പായാൽ അരമനകളിൽ പോയി കുമ്പിട്ടു നിൽക്കുന്നവരാണ് ഇവർ. മൂന്നാറിലെ കാര്യത്തിൽ സർക്കാർ കാട്ടുന്നതു ഭീരുത്വമാണ്. സംസ്കാര ശൂന്യരായ ഭരണകർത്താക്കളാണ് ഇന്നുള്ളത്.
റവന്യൂ മന്ത്രിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. വൻകിടക്കാർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും സർക്കാരിനു കഴിയുന്നില്ല. കരം കൊടുക്കുന്നവനു സർക്കാരിനെ വിമർശിക്കാൻ അവകാശമുണ്ടെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
Advertisement