സ്ത്രീകള്‍ക്കെതിരെ അശ്ലീല പരമാര്‍ശം നടത്തിയ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മന്ത്രി എം.എം മണി രാജിവയ്ക്കാതെ സഭയില്‍ സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ നിര്‍ത്തിവച്ച് കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. മൂന്നാര്‍ കയ്യേറ്റവും മന്ത്രിയുടെ പരാമര്‍ശവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭാതലം പ്രക്ഷുബ്ധമായത്. പ്രതിപക്ഷഅംഗങ്ങള്‍ കറുത്ത ബാനറുകളുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റുമെത്തി. പ്രതിപക്ഷ നടപടിയില്‍ സ്പീക്കര്‍ ക്ഷുഭിതനായി . കസേര മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ചതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചു. എന്ത് അരാജകത്വമാണ് കാണിക്കുന്നതെന്ന് സ്പീക്കര്‍ ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുമായി വാക്കേറ്റമുണ്ടായി.
Advertisement