ഐപിഎല്ലില്‍ ഇന്ന് റൈസിങ് പൂണെ സൂപ്പര്‍ജയന്റ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. പത്താം സീസണിലെ ആദ്യ ജയമാണ് ഡെയര്‍ഡെവിള്‍സ് ലക്ഷ്യമിടുന്നതെങ്കില്‍ വിജയവഴിയില്‍ മടങ്ങിയെത്താനാണ് സ്റ്റീവ് സ്മിത്തിന്റെയും സംഘത്തിന്റെയും ശ്രമം. വൈകിട്ട് എട്ടുമണിക്ക് പുണെ എംസിഎ സ്റ്റേഡിയത്തിലാണ് മല്‍സരം.
ആദ്യമല്‍സരത്തില്‍ അപ്രതീക്ഷിത തോല്‍വി മറന്ന് ടൂര്‍ണമെന്റില്‍ വിജയത്തോടെ മുന്നോട്ട് പോകാനായിരിക്കും സഹീര്‍ ഖാന്റെ നേതൃത്വത്തില്‍ ഡല്‍ഹി ടീം ശ്രമിക്കുക. ബാംഗ്ളൂരിനെതിരായ മല്‍സരത്തില്‍ സഹീര്‍ ഖാന്, പാറ്റ് കമ്മിന്‍സ്, ക്രിസ് മോറിസ് തുടങ്ങിയ ബോളിങ് ശക്തമായിരുന്നെങ്കിലും ബാറ്റിങ് നിരയില്‍ ഋഷഭ് പന്ത് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായിരുന്നില്ല. ഇത് മാറ്റാനായാല്‍ ശക്തരായ പുണെക്കെതിരെ മികച്ച മല്‍സരം കാഴ്ചവയ്ക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം രണ്ടാം മല്‍സരത്തില്‍ പഞ്ചാബിനെതിരെയേറ്റ തിരിച്ചടി മറന്ന്, ആദ്യമല്‍സരത്തിലെ ഫോമിലേക്ക് തിരിച്ചെത്താനാകും പൂണെയുടെ ശ്രമം. സ്റ്റീവ് സ്മിത്തും രഹാനെയും ധോണിയും മനോജ് തിവാരിയും ബെന്‍ സ്റ്റോക്ക്സ് അടക്കമുള്ള ബാറ്റിങ് നിര ഫോം കണ്ടെത്തിയാല്‍ ഡല്‍ഹി ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. അതേസമയം ബോളിങാണ് പുണെയുടെ തലവേദന. ഇമ്രാന് താഹിര്‍ ഒഴികെയാരും ഫോമിലെത്തിയിട്ടില്ലെന്നത് സ്റ്റീവ് സ്മിത്തിനെ അലട്ടുമെന്നുറപ്പ്. ഐപിഎല്ലില്‍ ഇതുവരെ രണ്ട് തവണയാണ് ഡല്‍ഹിയുടെ ചെകുത്താന്മാര് സൂപ്പര്‍ ജയന്റിനെ നേരിട്ടിട്ടുള്ളത്. രണ്ട് വട്ടവും ജയം ജയന്റിനൊപ്പമായിരുന്നുവെന്നതാണ് ശ്രദ്ധേയം.
Advertisement