സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാദത്തില്‍ കഴമ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് സ്ഥാനാർഥിയായി എം.ബി.ഫൈസലിനെ നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ ഗൂഢാലോചന നടത്തിയെന്ന ബിജെപി ആരോപണത്തിനെതിരെ ഇതാദ്യമായി പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി. എത്ര വലിയ മണ്ടത്തരമാണ് അവർ പ്രചരിപ്പിക്കുന്നത്? വളാഞ്ചേരിയിൽ വ്യവസായി വി.കെ.മുഹമ്മദ് അഷ്റഫ് നടത്തുന്ന സ്പെഷൽ സ്കൂളിന്റെ പരിപാടിയിൽ പങ്കെടുക്കാൻ താൻ പോയി എന്നുള്ളതു ശരിയാണ്. അന്ന് അഷ്റഫിന്റെ വീട്ടിൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു. താൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറിയിട്ടു പോലുമില്ല. താൻ ചെല്ലുമ്പോൾ മുഖ്യമന്ത്രി മറ്റു സിപിഎം നേതാക്കൾക്കൊപ്പം പുറത്തേക്ക് ഇറങ്ങിവരുകയായിരുന്നു. ചർച്ച നടത്തി ആരുടെയെങ്കിലും തത്വശാസ്ത്രത്തെ സ്വാധീനിക്കാൻ തനിക്കു കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Advertisement