നൂറ്റി അഞ്ചാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജലവിഭവമന്ത്രി മാത്യു.ടി.തോമസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഫെബ്രുവരി 5 മുതൽ 12 വരെയാണ് കൺവൻഷൻ.
പമ്പ മണൽപ്പുറത്ത് തയാറാക്കുന്ന പ്രത്യേക വേദിയിലാണ് കൺവൻഷൻ. പ്ലാസ്റ്റിക് രഹിത കൺവൻഷനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം പൂർത്തിയായിട്ടുണ്ട്.
ഒരാഴ്ച നീളുന്ന കൺവൻഷനിൽ വിവിധ സന്യാസിവര്യൻമാരും മന്ത്രിമാരും എംപിമാരും എംഎൽഎമാരും സാംസ്ക്കാരിക നായകൻമാരും പങ്കെടുക്കും. വനിതാസംഗമം വിവിധ വിഷയങ്ങളിലെ പ്രഭാഷണങ്ങൾ തുടങ്ങിയവ കൺവൻഷന്റെ ഭാഗമാണ്. റാന്നി എംഎൽഎ രാജു എബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ജില്ലാ കലക്ടർ ആർ.ഗിരിജ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികളും സംബന്ധിച്ചു. ചെറുകോൽപ്പുഴ കോഴഞ്ചേരി എന്നിവിടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമായി സഹായമെന്ന നിലയിൽ പമ്പയാറിന് കുറുകെ താൽകാലിക പാലമെന്ന ആവശ്യം ഇത്തവണയും സജീവമായിട്ടുണ്ട്.