യുവതിക്ക് നേരെ ആസിഡ് ആക്രമണം, അക്രമിയെ കണ്ടെത്താനായില്ല

tvm-acid
SHARE

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിക്ക് നേരെ ആസിഡ് ഒഴിച്ചയാളെ കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

ആര്യനാട് സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകയായ കുറ്റിച്ചല്‍ തടത്തരികത്ത് വീട്ടില്‍ ജീനാ മോഹന് നെരെയാണ് ഇന്നലെ വൈകിട്ട് ആസിഡ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് പെണ്‍കുട്ടിയുടെ മുതുകിലാണ് ഒഴിച്ചത്. കരച്ചില്‍ കേട്ടെത്തിയ വഴിയാത്രക്കാര്‍ അക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അക്രമിയെ തിരിച്ചറിഞ്ഞില്ലെന്നാണ് പെണ്‍കുട്ടിയും മൊഴി നല്‍കിയത്. പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള സാഹചര്യങ്ങളില്ലെന്നും ആരെയും സംശയിക്കുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനും തടസമാകുന്നത്. അതേസമയം അക്രമം നടന്ന പ്രദേശത്തിന് സമീപമുള്ള ചില സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നതിന് സമാനമായ വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേരെ ദൃശ്യങ്ങളില്‍ കാണാം. ഇതിലൊരാള്‍ ജീന ഉച്ചയ്ക്ക് ജോലിക്ക് പോകുന്ന സമയത്തും ഈ പ്രദേശത്തുള്ളതായി കണ്ടെത്തി. ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പുറത്ത് കാര്യമായ പൊള്ളലുണ്ടങ്കിലും ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

MORE IN SOUTH
SHOW MORE