ചെങ്ങന്നൂർ സ്ഥാനാർത്ഥി ചർച്ചകൾ യുഡിഎഫിൽ സജീവം

chengannur-election
SHARE

ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ചകള്‍ സജീവം. പരിചയ സമ്പന്നരെ രംഗത്തിറക്കണമെന്നാണ് ഒരു വിഭാഗത്തിന്റ അഭിപ്രായമെങ്കിലും പൊതുസമ്മതരായ പുതുമുഖത്തെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ചെങ്ങന്നൂരില്‍  മല്‍സരിക്കാനില്ലെന്ന് പി.സി വിഷ്ണുനാഥ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പിന്റ ചുമതലയുള്ളതുകൊണ്ടാണ് മല്‍സരിക്കാനില്ലാത്തതെന്നാണ് പി.സി വിഷ്ണുനാഥിന്റ വിശദീകരണം.

എന്നാല്‍ നിലവിലെ നിര്‍ണായ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞതവണ ജനവിധി തേടി പരാജയപ്പെട്ട ഒരാളെ വീണ്ടും മല്‍സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയിലെ പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. ഇതിന്റ കൂടി അടിസ്ഥാനത്തിലായിരുന്നു വിഷ്ണുനാഥിന്റ പിന്‍മാറ്റമെന്നറിയുന്നു. എങ്കിലും സീറ്റ് വിട്ടുകൊടുക്കാന്‍ എ ഗ്രൂപ്പ് തയാറല്ല. പരിചയ സമ്പന്നരെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കമെങ്കില്‍ മുന്‍ എം.എല്‍.എ എം.മുരളിയ്ക്കായിരിക്കും പ്രഥമ പരിഗണന. എന്‍.എസ്.എസിന്റ പിന്തുണയും മുരളിയ്ക്കുണ്ടാകും.പുതുമുഖത്തെ മല്‍സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍  കെ.പി.സി.സി നിര്‍വാഹകസമിതിയംഗം അഡ്വ.ഡി.വിജയകുമാറിന്റ മകളും കോളജ് അധ്യാപികയുമായ ജ്യോതി വിജയകുമാറിന്റ പേരാണ് സജീവമായി പരിഗണിക്കുന്നത്.

എന്തുവന്നാലും ജയിക്കണമെന്ന ഉറച്ച നിലപാടിലാണ് യു.ഡി.എഫ്. താഴേത്തട്ടുമുതല്‍ സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ജോസഫ് വാഴയ്ക്കനേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്നണിയുടെ ഭാഗമായി വരുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന്റ പിന്തുണ ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ആറായിരത്തോളം വോട്ടിന്റ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞതവണ എല്‍.ഡി.എഫ് ജയിച്ചത്.  

MORE IN SOUTH
SHOW MORE