സർക്കാർ ഭൂമി മറിച്ചു വിറ്റു; എട്ട് പേർക്കെതിരെ എഫ്.ഐ.ആർ

Thumb Image
SHARE

കൊല്ലം വെളിയത്ത് റബർ കൃഷിക്ക് സർക്കാർ നൽകിയ ഭൂമി പതിച്ചെടുത്ത ശേഷം മറിച്ചുവിറ്റ കേസിൽ റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പടെ എട്ടുപേർക്കെതിരേ വിജിലൻസ് എഫ്.ഐ.ആർ സമർപ്പിച്ചു. ഭൂമി മറിച്ചുവില്ക്കാൻ സ്വകാര്യ എസ്റ്റേറ്റുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. സ്വകാര്യ കമ്പനി ഭൂമി തട്ടിയെടുത്തെന്ന വിജിലൻസ് ത്വരിത പരിശോധന റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 

മലകളും കുന്നുകളും നിറഞ്ഞ, മയിലുകളുടെ വിഹാരകേന്ദ്രമായ 60 ഹെക്ടർ ഭൂമി നന്ദവാനം എസ്റ്റേറ്റ് എന്ന കമ്പനി സ്വന്തം പേരിലേക്ക് മാറ്റിയിട്ട് മറിച്ചുവിറ്റ കേസിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിവാദമായ ഇടപാടുകൾ നടന്ന കാലത്തേ കൊട്ടാരക്കര അഡീഷണൽ തഹസീൽദാർമാരായിരുന്ന ഒ.രാജു, സെബാസ്റ്റ്യൻ പോൾ,എ ഉണ്ണികൃഷ്ണൻ എന്നിവരാണ് കേസിലേ ആദ്യമൂന്ന് പ്രതികൾ.വെളിയം വില്ലേജ് ഓഫീസർമാരായിരുന്ന എസ് വിജയകുമാർ എൻ ഉണ്ണികൃഷ്ണപിള്ള പൂയപ്പള്ളി സബരജിസ്ട്രാറായിരുന്ന പി മുരളീധരനും അന്വേഷണപരിധിയിലുണ്ട്. വ്യാജപ്രമാണം ചമച്ച് 100 കോടിയുടെ ഭൂമി തട്ടിയതായി വിജിലൻസിന്റെ ത്വരിതപരിശോധന റിപ്പോർട്ട് വന്നെങ്കിലും കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിരുന്നില്ല. 

ഭൂമി തട്ടിപ്പിന്റെ പരാതി നൽകിയ പൊതുപ്രവർത്തകർ വിജിലൻസ് ഡയറക്ടറെ ഉപരോധിക്കാൻ തീരുമാനിച്ചതോടെയാണ് എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങിയത്. വിജിലൻസ് കൊല്ലം ഡിവൈ.എസ് പി കെ അശോക് അന്വേഷിക്കുന്ന കേസിൽ ലാൻഡ് റെക്കോർഡ്സ് വിഭാഗം ഡപ്യൂട്ടി കലക്ടറും നന്ദാവനം എസ്്റ്റേറ്റ് എംഡിയും പ്രതികളാണ്. 1958 ൽ ഭൂമിക്ക് പട്ടയം നൽകിയിരുന്നുവെന്നും രേഖകൾ കൊട്ടാരക്കര സബ് റജിസ്ട്രാർ ഓഫിസിലുണ്ടായ തീ പിടുത്തത്തിൽ കത്തിപോയെന്നുമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ വാദം കളവാണെന്നാണ് വിജിലൻസിന്റെ ത്വരിതപരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. 

MORE IN KERALA
SHOW MORE