വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്തെ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം

Thumb Image
SHARE

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്തെ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. നഷ്ടപരിഹാരതുക എത്രയും വേഗം കൊടുത്തു തീർക്കുന്നതിനുള്ള നപടികളുമായി മുന്നോട്ടു പോകുന്നതിനാൽ സമരം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. നിർമാണം തടസപ്പെട്ടതുമൂലം പ്രതിദിനം എട്ടുകോടി രൂപയാണ് അദാനി ഗ്രൂപ്പിനുണ്ടാകുന്ന നഷ്ടം. 

വിഴിഞ്ഞം തുറമുഖ പദ്ധതിപ്രദേശത്തെ സമരം ഏഴാം ദിവസവും തുടരുകയാണ്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ സമരം കടുക്കാനാണ് സാധ്യത. ഇന്നലെ രാത്രി ചേർന്ന വിഴിഞ്ഞം പള്ളി പാരിഷ് കൗൺസിൽ യോഗമാണ് സമരം തുടരാൻ തീരുമാനിച്ചത്. 

നഷ്ടപരിഹാര തുക കൊടുത്തുതീർക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണെന്നാണ് സർക്കാർ നിലപാട്. തൊഴിൽ നഷ്ടപ്പെട്ട കമ്പവലക്കാർക്ക് ഞായറാഴ്ച നാലുകോടിരൂപ വിതരണം ചെയ്തിരുന്നു. അവശേഷിക്കുന്നവർക്കുള്ള നഷ്ടപരിഹാരം നാളെ വിതരണം ചെയ്യും. മൽസ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുള്ള 28 കോടിരൂപ ഉടൻ അനുവദിക്കുമെന്നണ് പ്രതീക്ഷയെന്ന് വിഴിഞ്ഞം പോർട് എം.ഡി. ജയകുമാർ പറഞ്ഞു. ജോലി മുടങ്ങിയതുമൂലം 400 വിദഗ്ധതൊഴിലാളികൾ മടങ്ങിയാൽ തുറമുഖനിർമാണം മുൻനിശ്ചയിച്ച സമയത്ത് തീരില്ലെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. അഞ്ചുകോടിരൂപ മുതൽ എട്ടുകോടിരൂപവരെയാണ് നിർമാണം മുടങ്ങിയതുമൂലം ഓരോ ദിവസവുമുണ്ടാകുന്ന നഷ്ടം. 

MORE IN SOUTH
SHOW MORE