തെരുവുനായ്ക്കൾ മനുഷ്യന്റെ ജീവനു ഭീഷണിയാകുമ്പോൾ വീട്ടിൽ വളർത്തിയ നായ രക്ഷകനായി. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം ഇന്ദിരാഭവനിൽ നേവി ഉദ്യോഗസ്ഥനായ സാംബശിവന്റെ വീട്ടിലാണു സംഭവം.
ഇന്നലെ വൈകിട്ടു നാലോടെ ഭാര്യ ഇന്ദിരയോടൊപ്പം ഹാളിൽ ടിവി കണ്ടിരിക്കുമ്പോൾ മുന്നിൽ മൂർഖൻ പാമ്പും തൊട്ടു പുറകിൽ വീട്ടിൽ വളർത്തുന്ന നായ ജിമ്മിയും വരുന്നതു കണ്ടു. ഭയന്ന് എണീക്കുമ്പോഴേക്കും വീട്ടുകാരുടെ മുന്നിൽനിന്നു പാമ്പിനെ ജിമ്മി കടിച്ചു വലിച്ചു പുറത്താക്കി. മുറ്റത്തേക്കിട്ട പാമ്പിനെ കടിച്ചുകീറി കൊന്നു എന്നുറപ്പാക്കിയിട്ടേ ജിമ്മി പിൻമാറിയുള്ളൂ. മൂർഖന്‍ ഒന്നേകാൽ മീറ്ററോളം നീളമുണ്ട്.