ഫണ്ട് തട്ടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പിന്‍റെ തട്ടിപ്പ്

kumali-tarring
SHARE

ഫണ്ട് തട്ടിയെടുക്കാന്‍  കുമളിയില്‍ പൊട്ടിയ പൈപ്പുകൾക്ക് മുകളിലൂടെ ടാറിങ് നടത്തി പൊതുമരാമത്ത് വകുപ്പിന്‍റെ തട്ടിപ്പ്. ടാറിങ് പൂർത്തീകരിച്ചതിന് പിന്നാലെ പൊട്ടിയ പൈപ്പുകളിലൂടെ വെള്ളം ഒലിച്ചിറങ്ങി റോഡ് തകര്‍ന്നു. ടാറിങിലെ അപാകത നാട്ടുകാര്‍ ചൂണ്ടികാട്ടിയെങ്കിലും കരാറുകാരനും ഉദ്യോഗസ്ഥരും കണ്ടഭാവം നടിച്ചില്ല. 

കുമളി - ഒന്നാം മൈൽ- ആനവിലാസം റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിചിത്രമായ ടാറിങ് നടന്നത്. ഒരു പതിറ്റാണ്ടിലേറെയായി പൊട്ടിപൊളിഞ്ഞു കിടക്കുന്നതാണ് പ്രസ്തുത റോഡ്. പരാതിയുമായെത്തുന്ന നാട്ടുകാരുടെ ശല്യം സഹിക്ക വയ്യാതെയാണ് ഒടുവില്‍ ടാറിങ് നടത്താന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. റോഡ് പൂര്‍ണമായി നന്നാക്കാനൊന്നും പദ്ധതിയില്ല. കുഴികള്‍ മാത്രം അടയ്ക്കാനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ടാറിങിന് മുന്‍പ് പൊട്ടിയ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്ന് നാട്ടുകാര്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചു. രണ്ട് കിലോമീറ്ററിനിടയില്‍ എട്ടിടങ്ങളിലാണ് പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളം പാഴാകുന്നത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും  ഇതൊന്നും കണ്ടഭാവം നടിച്ചില്ല. പൊട്ടിയ പൈപ്പിന് മുകളില്‍ തന്നെ കരാറുകാരന്‍ ആദ്യം ടാറിങ് നടത്തി.  ഒരാഴ്ച കഴിഞ്ഞില്ല പൊട്ടിയ പൈപ്പിലൂടെ വെള്ളം കുത്തിയൊലിച്ച് ടാറെല്ലാം പലവഴിക്കായി. 

പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ തയ്യാറാകാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൂടിയാണ് റോഡ് തകരാനുള്ള മുഖ്യ കാരണം. പരാതി നല്‍കിയാല്‍ വീണ്ടും ടാറിങ് നടത്താമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പ്രശ്നപരിഹാരത്തിന് നടപടിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

MORE IN CENTRAL
SHOW MORE