ബസ് സമരത്തിൽ വലഞ്ഞ ജനത്തിനെ ഇരട്ടി ദുരിതത്തിലാക്കി പൊലീസ്

police-fine-t
SHARE

സ്വകാര്യ ബസ് സമരം കൊണ്ട് വലഞ്ഞ ജനത്തിനെ ഇരട്ടി ദുരിതത്തിലാക്കി കൊച്ചി സിറ്റി പൊലീസ് . സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലെ ജനറൽ ആശുപത്രിയിലെത്തിയവരുടെ മേൽ  അനധികൃത പാർക്കിങിന്  ഫീസ് ചുമത്തിയാണ് പൊലീസ് ജനത്തെ വലച്ചത്.  ഗുരുതര രോഗികളുമായി ആശുപത്രിയിലെത്തിയ വാഹനങ്ങളിൽ പോലും ഒരു ഔചിത്യവുമില്ലാതെ പൊലീസ് അനധികൃത പാർക്കിങ് ഫീസ് ചുമത്തിയെന്നാണ് വിമർശനം. 

സാധാരണഗതിയിൽ ഇത്രയധികം വാഹനങ്ങളിങ്ങനെ പാർക്ക് ചെയ്യുന്ന പതിവില്ല ജനറൽ ആശുപത്രിക്കു പുറത്തെ മതിലിനു ചുറ്റും . നോ പാർക്കിങ് ഏരിയയായിട്ടും ഇന്ന്  പക്ഷേ ഇത്രയധികം വാഹനങ്ങൾ ഇവിടെ നിറഞ്ഞതിനു കാരണം സ്വകാര്യ ബസ് സമരമാണ് . ബസ് കിട്ടാതായതോടെ കിട്ടിയ വാഹനമെടുത്താണ് നാട്ടുകാരിലേറെയും ഇന്ന് ആശുപത്രിയിലെത്തിയത്. ആശുപത്രിക്കുളളിലെ പാർക്കിങ് ഏരിയ നിറഞ്ഞതോടെ വാഹനം പുറത്തുവയ്ക്കാൻ ആളുകൾ നിർബന്ധിതരായി. അങ്ങനെ വച്ച  വാഹനങ്ങളിലാണ് സിറ്റി പൊലീസ് നിഷ്കരുണം നിയമവിരുദ്ധ പാർക്കിങ്ങിൻറെ സ്റ്റിക്കർ പതിച്ച് പോയത്. ഇനി ഈ വാഹന ഉടമകളെല്ലാം സ്റ്റേഷനിലെത്തി പണമൊടുക്കണം. ചെറിയ പ്രതിഷേധമല്ല പൊലീസ് നടപടിക്കെതിരെ നാട്ടുകാരിൽ നിന്ന് കേട്ടത്.

നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴയൊടുക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ല.  പക്ഷേ നിയമപാലകരിൽ നിന്ന് പ്രതീക്ഷിക്കുന്ന  ഔചിത്യം കൊച്ചിയിലെ പൊലീസിൽ നിന്ന്  ഉണ്ടായില്ലെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.

MORE IN CENTRAL
SHOW MORE