സ്പൈസസ് പാര്‍ക്കിലെ ഏലം ലേലം പുനരാരംഭിച്ചു

elam-lelam
SHARE

കംപ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് ഇടുക്കി പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നിര്‍ത്തിവെച്ച ഏലം ലേലം പുനരാരംഭിച്ചു. തകരാറുകള്‍ പരിഹരിക്കുന്നതുവരെ ആഴ്ചയില്‍ ഒരു ലേലം വീതം പുറ്റടിയില്‍ നടത്താനാണ് തീരുമാനം. തമിഴ്നാട്ടിലേക്ക് ലേലകേന്ദ്രം മാറ്റുന്നുവെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്പൈസസ് ബോര്‍ഡിന്‍റെ നടപടി. 

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പുറ്റടിയിലെ സ്പൈസസ് പാര്‍ക്കില്‍ ഓണ്‍ലൈന്‍ ഏലം ലേലം നടന്നിരുന്നത്. ലേലകേന്ദ്രത്തിലെ കംപ്യൂട്ടറുകള്‍ പണിമുടക്കിയതോടെ ജനുവരിയില്‍  ലേലം നിര്‍ത്തിവെച്ചു. തുടര്‍ന്ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് താത്കാലികമായി ലേലം മാറ്റി. ഇതിനെതിരെ കര്‍ഷകര്‍ ഒന്നടങ്കം രംഗത്തുവന്നു. പുറ്റടിയിലെ ലേലം അട്ടിമറിക്കുകയാണ് സ്പൈസസ് ബോര്‍ഡ് അധികൃതരുടെ ലക്ഷ്യമെന്നായിരുന്നു ആരോപണം.  കംപ്യൂട്ടറുകള്‍ തുടര്‍ച്ചയായി പണിമുടക്കിയിട്ടും തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്പൈസസ് ബോര്‍ഡ് വേഗത്തിലാക്കി. സ്പൈസസ് ബോര്‍ഡ് ജീവനക്കാരെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി പുതിയതായി സ്ഥാപിച്ച കംപ്യൂട്ടറുകളില്‍ കഴിഞ്ഞ ദിവസം ട്രയല്‍ നടത്തി. ഇത് വിജയിച്ച സാഹചര്യത്തിലാണ് ലേലം പുനരാരംഭിച്ചത്. 

പുറ്റടിയില്‍ 70  ടെർമിനലുകളിലായി നടന്ന ലേലത്തില്‍ ഏലത്തിന് ശരാശരി 920 രൂപ ലഭിച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതുവരെ ആഴ്ചയില്‍ ഒരു ലേലം പുറ്റടിയില്‍ നടക്കും. ബാക്കിയുള്ള ദിവസങ്ങളില്‍ ബോഡിനായ്ക്കന്നൂരില്‍ ലേലം തുടരും. 

MORE IN CENTRAL
SHOW MORE