കോഴഞ്ചേരി കോട്ടയം റോഡിൽ പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു. മല്ലപ്പള്ളി മുതൽ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗത്ത് ഒരുമാസത്തിനിടെ മുപ്പതിലധികം തവണ പൈപ്പ് പൊട്ടി. പഴയ പൈപ്പ് നീക്കാതെ പുതിയ റോഡ് നിർമിച്ചതാണ് പ്രതിസന്ധിയായത്. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റിസ്ഥാപിച്ച ശേഷം റോഡ് പണിമതിയെന്നായിരുന്നു തീരുമാനം. എന്നാൽ മല്ലപ്പള്ളി മുതൽ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗത്ത് പഴയ പൈപ്പുകൾ നീക്കാതെ റോഡ് പണി പൂർത്തിയാക്കി.
പണികളുടെ ആദ്യഘട്ടം മുതൽ തുടങ്ങിയ പൈപ്പ് പൊട്ടൽ പണി പൂർത്തിയായിട്ടും തുടരുകയാണ്. ഉന്നതനിലവാരത്തിൽ നിർമിച്ച റോഡിനാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടായിരിക്കുന്നത്. മുപ്പതിലേറെ തവണ പൈപ്പ് പൊട്ടിയതായി ജലവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പൈപ്പ് പൊട്ടൽ പതിവായതോടെ മല്ലപ്പള്ളി വെസ്റ്റ് പ്രദേശത്ത് ജലവിതരണം തടസപ്പെടുന്നുണ്ട്. പൊട്ടൽ തുടർന്നാൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നിർമിച്ച റോഡ് നിലവാരമില്ലാത്ത പഴയ അവസ്ഥയിലേയ്ക്ക് മാറും.