കക്കൂസ് മാലിന്യം തളളാനെത്തിയ ലോറി തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെയും നാട്ടുകാരെയും ഗുണ്ടാസംഘം മര്‍ദ്ദിച്ച് പാടത്തെറിഞ്ഞു. ആലുവ നെടുമ്പാശേരിക്കടുത്ത് ദേശം കുന്നുംപുറത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അക്രമം. അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.രാജേഷും രണ്ട് നാട്ടുകാരുമാണ് അക്രമത്തിനിരയായത്. ദേശം കുന്നുംപുറത്ത് തലക്കൊളളി പാടശേഖരത്ത് കക്കൂസ് മാലിന്യം തളളാന്‍ ലോറിയെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പ്രസിഡന്റും നാട്ടുകാരും സ്ഥലത്തെത്തിയത്. ലോറിക്കു കുറുകെ ബൈക്ക് നിര്‍ത്തി പ്രസിഡന്റ് തടഞ്ഞു. ഈ സമയം ലോറിയെ അനുഗമിച്ച് മറ്റ് രണ്ടു ബൈക്കുകളിലായി എത്തിയവര്‍ പ്രസിഡന്റിനെയും നാട്ടുകാരെയും മര്‍ദ്ദിച്ച് സമീപത്തേക്ക് പാടത്തേക്ക് വലിച്ചെറിഞ്ഞത്. മാലിന്യവുമായെത്തിയ ലോറി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി.