ജലസ്രോതസ്സുകള്‍ വൃത്തിയാക്കാന്‍ സര്‍ക്കാരും ജില്ലാഭരണകൂടവും പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും എറണാകുളം ജില്ലയിലെ തൂമ്പാത്തോട് ചെളിയും പായലും നിറഞ്ഞ് നശിക്കുന്നു. വിഷയം ജനപ്രതിനിധികളുടേയും ജില്ലാഭരണകൂടത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആലുവയ്ക്കു സമീപം ചൊവ്വര മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള പെരിയാറിന്റെ കൈവഴിയാണ് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. മണല്‍വാരല്‍ മൂലം പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ തൂമ്പാത്തോട്ടിലെ ജലമൊഴുക്ക് നിലച്ചു. ഇതോടെ പ്രദേശത്തെ ആയിരത്തിലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ചെങ്ങമനാട്, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ ജലസേചനവും പ്രതിസന്ധിയിലായി.
ചെളിയും പായലും നീക്കി, ജലമൊഴുക്ക് പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൂമ്പാത്തോട് സംരക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍.
Advertisement