ഹസന്റെ തോന്നലുകൾ

thiruva-09-02-t
SHARE

പിണറായി സര്‍ക്കാരിന്റെ കണ്ടകശനി തുടരുകയാണ്. കണ്ടകശനി കൊണ്ടേപോകൂ എന്നുപറഞ്ഞതുപോലെ ഇന്ന് വീണ്ടും കൊണ്ടു. കുറച്ച് ഓര്‍ഡിനന്‍സുകളൊക്കെ ഇറക്കിക്കളയാമെന്നുകരുതിയാണ് പ്രത്യേക മന്ത്രിസഭായോഗം വിളിച്ചത്. പക്ഷെ, ക്വോറം തികയാതെ പിരിയേണ്ടി വന്നു. കഷ്ടം തന്നെ. 19 പേരില്‍ 13 പേരും മുങ്ങിക്കളഞ്ഞു. സിപിഐക്കാരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. കാരണം സിപിഐയുടെ മന്ത്രിമാര്‍ വയനാട് ജില്ലാസമ്മേളനത്തിലാണ്. ഹെലികോപ്റ്ററും പിടിച്ച് പറന്നെത്താനുള്ള കാശോന്നും പാവത്തുങ്ങള്‍ക്കില്ല. മന്ത്രിസഭായോഗം നടന്നില്ലെങ്കിലും പിണറായി വിജയന് ആശ്വസിക്കാന്‍ ഒരു വകുപ്പുണ്ട്. മുഖ്യമന്ത്രിയെ സ്നേഹത്തില്‍പ്പൊതിയുകയാണ് എംഎം ഹസ്സന്‍. അതിന്റെ കാരണക്കാരന്‍ ജേക്കബ് തോമസാണ്. 

ജേക്കബ് തോമസിന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്നാണ് കോണ്‍ഗ്രസിന്റെയും അഭിപ്രായം. പിണറായി എടുക്കുന്ന എന്ത് നടപടിക്കും കയ്യടിക്കാന്‍ കാത്തുനില്‍ക്കുകയാണ് ഹസ്സനും ടീമും. സര്‍വീസ് ചട്ടങ്ങളൊക്കെ ഇങ്ങനെ ലംഘിക്കുന്നതുകാണുമ്പോള്‍ സര്‍ക്കാരിനുമാത്രമല്ല പ്രതിപക്ഷത്തിനും സങ്കടമുണ്ട്. അഴിമതിയെ ഓടിക്കാന്‍ മുട്ടിനില്‍ക്കുകയാണെങ്കില്‍ രാജിവയ്ക്കൂ പുറത്തുപോകൂ എന്നാണ് ജേക്കബ് തോമസിനോട് ഇരുമുന്നണികള്‍ക്കും പറയാനുള്ളത്. ഇതുകേട്ട് ജേക്കബ് തോമസ് അധികം പ്രതികരിക്കാന്‍ നില്‍ക്കേണ്ട. പാറ്റൂര്‍ കേസില്‍ ഹൈക്കോടതി ഇന്നൊരു പണികൊടുത്തിട്ടുണ്ട്. അതുകൊണ്ട് മിണ്ടാതിരുന്നാല്‍, ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നൊരുക്കുന്ന സുന്ദരകേരളത്തില്‍ ജീവിച്ചുപോകാം. ഇനി പിണറായിക്കിട്ട് കൊട്ടണമെന്ന് തോന്നിയാല്‍തന്നെ അത് ഹസ്സന്റെ നെഞ്ചില്‍ചവിട്ടിയേ സാധിക്കൂ. കാരണം ഹസ്സന്‍ സ്ട്രോംഗാണ്.

MORE IN THIRUVA ETHIRVA
SHOW MORE