ജേക്കബ് തോമസിനു നേരെ പിണറായിയുടെ മഞ്ഞക്കാര്‍ഡ്

Thumb Image
SHARE

അഴിമതിക്കെതിരെ പോരാടുന്നതിന്‍റെ ഭാഗമായി സ്രാവുകള്‍ക്കൊപ്പം നിരന്തരം നീന്താന്‍ വിധിക്കപ്പെട്ട ഡിജിപി ജേക്കബ് തോമസിനെ പിണറായി സര്‍ക്കാര്‍ തല്‍ക്കാലം വിശ്രമത്തിന് പറഞ്ഞയച്ചു. ദോഷൈകദൃക്കുകള്‍ അതിനെ സസ്പെന്‍ഷന്‍ എന്നൊക്കെ പറയുമ്പോഴും പിണറായി വിജയന് ജേക്കബ് തോമസിനോടുള്ള സ്നേഹം നമ്മള്‍ പലവട്ടം കണ്ടതാണല്ലോ. മുന്‍കാല പ്രാബല്യമുള്ള സ്നേഹവുമാണത്. കൃത്യമായി പറഞ്ഞാല്‍ പ്രതിപക്ഷത്തിരുന്ന കാലമുതല്‍ക്ക്. ബാര്‍ കോഴമുതല്‍ അഴമതിക്കെതിരെ കാര്‍ഡുകള്‍ ഇറക്കിയായിരുന്നു നീക്കം. ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ തികയാതെ വരുമെന്നുവരെ വിചാരിച്ചതാണ്. ഇതിനിടെ സ്രാവുകള്‍ക്കൊപ്പം നീന്താനും കുറെ സമയം കണ്ടെത്തി. അതിനിടയ്ക്കാണ് ഒരു തമാശക്ക് ഇക്കഴിഞ്ഞയാഴ്ച സര്‍ക്കാരിനെതിരെ രണ്ടു പറഞ്ഞുപോയത്. നാട്ടില്‍ നിയമവ്യവസ്ഥ കാര്യക്ഷമമല്ല എന്നുവരെ പറഞ്ഞുപോയി. നോക്കണേ, അതൊക്കെ കാര്യക്ഷമമാക്കാന്‍ ഒന്നിന്‍റെ തലപ്പത്തിരുന്നായിരുന്നു ജേക്കബ് തോമസിന്റെ ആ വമ്പ് പറച്ചില്‍. 

പറഞ്ഞത് കൊള്ളേണ്ടടിത്തു തന്നെ കൊണ്ടു എന്നങ്ങ് വിചാരിക്കണം. ഇനി വലിയ താത്വിക അവലോകനങ്ങള്‍ക്ക് പോയിട്ടൊന്നും കാര്യമില്ല. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വന്നേപ്പിന്നെ ജേക്കബ് തോമസിനെ കൊണ്ടുനടന്നത് എങ്ങനെയാണെന്നൊക്കെ ഈ നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. തലയില്‍ വച്ചാല്‍ അഴിമതിക്കെതിരെ നിലത്തിറങ്ങി യുദ്ധം ചെയ്യാന്‍ ആളുണ്ടാവില്ലെന്ന് കരുതി നിലത്തുവച്ചു. അപ്പോ തോന്നി യുദ്ധം ചെയ്ത് ജേക്കബ് തോമസിന് വല്ലതും പറ്റിയാലോ എന്ന്. അങ്ങനെയാണ് പിടിച്ച് വെള്ളത്തിലിട്ടത്. അതോടെ പിന്നെ മുഴുവന്‍ സമയവും സ്രാവുകള്‍ക്കൊപ്പെ നീന്തിത്തുടിക്കുകയായിരുന്നു കക്ഷി. 

പിണറായി വിജയന്‍ തല്‍ക്കാലം ഈ നീന്തല്‍ക്കാരനെ വലയിട്ട് പിടിച്ച് കരയ്ക്കിടാനൊന്നും വിചാരിച്ചിട്ടില്ല. നീന്തല്‍ അല്‍പം ഒന്നു കുറക്കണം.തന്‍റെ നീന്തല്‍ യജ്ഞം കാരണം സ്രാവുകള്‍ക്കൊന്നും പഴയപോലെ നീന്തിക്കളിക്കാന്‍ പറ്റുന്നില്ലെന്നാണ് ജേക്കബ് തോമസിന്‍റെ വിചാരം. എന്നാല്‍ കൂടെ നീന്തി എന്ന ഒറ്റക്കാരണത്താല്‍ ലോകത്തിലെ സകല സ്രാവുകള്‍ക്കും പേരുദോഷം വരുത്തുന്ന പരിപാടിക്കെതിരെ സ്രാവുകള്‍ ഒറ്റക്കെട്ടായി എന്നുവേണേല്‍ കരുതാം. 

ജേക്കബ് തോമസ് നീന്തല്‍ തുടരണം. കരമാറ്റിപ്പിടിക്കണം. പക്ഷേ അതൊക്കെ കണ്ട്, കോണ്‍ഗ്രസുകാരും മാണി കോണ്‍ഗ്രസുകാരും ചിരിക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ചും ചിരിക്കുന്നവരൊക്കെ ഇപ്പോള്‍ സ്രാവുകള്‍ എന്ന ഗണത്തില്‍പെടുമെന്നുറപ്പാണ്. അതുകൊണ്ട് ആഹ്ലാദിച്ചാട്ടെ അര്‍മാദിച്ചാട്ടെ.

MORE IN THIRUVA ETHIRVA
SHOW MORE