പുതിയ ചലച്ചിത്ര പ്രസിദ്ധീകരണവുമായി ചലച്ചിത്ര അക്കാദമി. ചലച്ചിത്രസമീക്ഷയെന്ന പേരിട്ട മാസിക എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു.
സിനിമയെ കുറിച്ച് ഗൗരവമുള്ള സംവാദങ്ങൾക്ക് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി മാസിക പുറത്തിറക്കുന്നത്. ഒപ്പം സിനിമയുടെ ചരിത്രവും വർത്തമാനവും കൃത്യമായി രേഖപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ചലച്ചിത്രസമീക്ഷ. പ്രമുഖ സംവിധായകൻ സയ്യിദ് മിർസക്ക് നൽകി എം.ടി. വാസുദേവൻ നായർ ആദ്യ പ്രതി പുറത്തിറക്കി. സിനിമ പഠനങ്ങൾക്കുള്ള നല്ല ചുവട് വെയ്പ്പാകണം മാസികയെന്ന് എം.ടി. ആശംസ നേർന്നു.
മലയാളത്തിലും ഇംഗ്ലീഷിലുമായാണ് മാസിക പുറത്തിറങ്ങുക. ചടങ്ങിൽ അക്കാദമി ചെയർമാൻ കമൽ, എക്സിക്യൂട്ടീവ് എഡിറ്റർ നീലൻ, ശശികുമാർ,എം.കെ. മുനീർ തുടങ്ങിയവർ പങ്കെടുത്തു.