സൗഹൃദത്തിന്റെ വ്യത്യസ്തമായ ഇതിവൃത്തവുമായി അയാള്‍ ജീവിച്ചിരിപ്പുണ്ട് ഇന്ന് തിയറ്ററുകളിലെത്തും. വിജയ് ബാബുവും സംസ്ഥാനപുരസ്കാരജേതാവ് മണികണ്ഠനും ആണ് മുഖ്യവേഷങ്ങളില്‍. വ്യാസന് കെ പി സംവിധാനം ചെയ്ത സിനിമയുടെ സംഗീതം ഔസേപ്പച്ചന്റേതാണ്.
തിരക്കഥാകൃത്തില്‍നിന്നും വ്യാസന് കെ പി സംവിധായകനായി മാറുകയാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ. സ്വന്തം അനുഭവങ്ങളുടെ ഗന്ധമുള്ള കഥാപാത്രങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ജോണ്‍ മാത്യു മാത്തന് എന്ന എഴുത്തുകാരനായി വിജയ് ബാബുവും മുരുകന് എന്ന മല്‍സ്യത്തൊഴിലാളിയായി മുരുകനും. അവര്‍ക്കിടയിലെ സൗഹൃദത്തിന്റെ അപൂര്വതലമാണ് പേരിലെ ആകാംക്ഷ പോലെ കഥയിലും സംവിധായകന് കരുതിവയ്ക്കുന്നത്.
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനുള്ള അംഗീകാരത്തിളക്കത്തിലാണ് മണികണ്ഠന്റെ സ്ക്രീനിലേക്കുള്ള മടങ്ങിവരവ്. സ്വന്തമായി നിര്‍മിച്ച അങ്കമാലി ഡയറീസ് എന്ന താരരഹിതചിത്രം നേടിയ വന്‍സ്വീകാര്യതയുടെ സന്തോഷവുമായി വിജയ്ബാബുവും എത്തുന്നു. ഹരി നായരുടേതാണ് ദൃശ്യങ്ങള്‍.
ദേശീയ പുരസ്കാരജേതാവ് ഔസേപ്പച്ചന് ഒരുക്കിയ ഈ ഹിറ്റ്ഗാനും സിനിമയുടെ പ്രതീക്ഷകൂട്ടുന്നു. ഗാനരചന നിര്‍വഹിച്ചത് സന്തോഷ് വര്‍മയാണ്. ഫോര്‍ട്ടി ഫോര്‍ ഫിലിംസിന്റെ ബാനറില്‍ എല്‍ദോസ് ജോണ്‍ കീലത്ത് ആണ് അയാള്‍ ജീവിച്ചിരിപ്പുണ്ട് നിര്‍മിച്ചത്.