ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല് ആശുപത്രി ജീവനക്കാരന് ബലംപ്രയോഗിച്ച് ഒടിച്ചു. കുട്ടികളുടെ ഐ.സി.യുവിലെ ജോലിക്കാരനാണ് പ്രതി. കൊടുംക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാട്ടാള സ്വഭാവക്കാരന്‍, ജോലിയാകട്ടെ കുട്ടികളുടെ ഐസിയുവിലെ അറ്റന്‍ഡന്റും. റൂര്‍ക്കിയിലെ ഐറന് ആശുപത്രിയിലെ എന്‍ഐസിയുവില്‍ നിന്നുള്ള സിസിടിവി ദൃശ്യം മനുഷ്യമനസ്സുള്ള ആരുടേയും കണ്ണ് നനയിക്കും. ഒരു കരുണയുമില്ലാതെ ആ മൃഗതുല്യന്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകാല്‍ തിരിച്ചൊടിച്ചു
ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്ന് ഐസിയുവിലായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതുകൊണ്ടാണത്രെ അറ്റന്‍ഡന്റിന്റെ ഈ കൊടുംചെയ്തി.
രാത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ ഉറങ്ങാന്‍ കഴിയാത്തതിലെ ദേഷ്യമാണ് കുഞ്ഞിനോട് തീര്‍ത്തത്. കാലിന് ഒടിവ് സംഭവിച്ചതിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡെറാഡുണിലെത്തിയ ശേഷം നടന്ന വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന്റെ കാല് ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതും. കേസന്വേഷണം നടക്കുകയാണെന്നും ഉപദ്രവിച്ചയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് ഭാഷ്യം
പരാതി നല്കിയ ശേഷവും പൊലീസ് ആശുപത്രി അധികൃതര്‍ക്കൊപ്പം ഒളിച്ചുകളി നടത്തുകയാണെന്ന് കുഞ്ഞിന്റെ പിതാവ് ആരോപിച്ചു