മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് ഐ.എൻ.ടി.യു.സി നേതാവ് മുണ്ടമ്പ്ര മുഹമ്മദാലി കുത്തേറ്റു മരിച്ചു. സംഭവത്തിൽ മുഹമ്മദാലിയുടെ സുഹൃത്ത് പഴങ്കുളത്ത് സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂക്കോട്ടുംപാടം ചെറുമുറ്റിക്കോട്ടെ മുണ്ടമ്പ്ര മുഹമ്മദാലിയുടെ വീട്ടിൽ അപ്രതീക്ഷിതമായിരുന്നു ആക്രമണം. വീട്ടിലേക്ക് പാഞ്ഞെത്തിയ സുഹൃത്ത് സലീം കുത്തിവീഴ്ത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദാലി മരിച്ചു. ഐ.എൻ.ടി.യു.സി നേതാവായ മുഹമ്മദാലിയുമായുളള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മുഹമ്മദാലി കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യ റംലത്തിനും തലക്ക് വെട്ടേറ്റിട്ടുണ്ട്. നിലമ്പൂരിലെ ഐ.എൻ.ടി.യു.സി ഒാട്ടോ തൊഴിലാളി യൂണിയൻ നേതാവാണ് കൊല്ലപ്പെട്ട മുണ്ടമ്പ്ര മുഹമ്മദാലി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.