മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു മുങ്ങിയ ആള് പിടിയില്‍. തിരുവനന്തപുരം വര്‍ക്കല സ്വദേശി തമ്പുരാനെയാണ് വണ്ടൂര്‍ പൊലീസ് കസ്റ്റഡിയലെടുത്തത്. പാലക്കാട് കരുണ മെഡിക്കല്‍ കോളെജില്‍ സീറ്റ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ മകള്‍ക്ക് കരുണ മെഡിക്കല്‍ കോളെജില്‍ അഡ്മിഷന് ശരിയാക്കാമെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പാരലല്കോളെജ് അധ്യാപകന് കൂടിയായ ടിജി തമ്പുരാന് വണ്ടൂര്‍ സ്വദേശിെയ സമീപിക്കുന്നത്. ഘടുക്കളായാണ് പണം കൈപ്പറ്റിയത്. ഒരു ലക്ഷം രൂപയോളം ഇങ്ങനെ കൈമാറി. ഉടനെ ശരിയാകുമെന്നായിരുന്നു ഒരോ തവണ പണം വാങ്ങുമ്പോളും വാഗ്ദാനം.
സീറ്റു കിട്ടാതായപ്പോള്‍ തട്ടിപ്പിന് ഇരയായയാള്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. തുടര്‍ന്ന് പ്രതി മൊബൈല്‍ ഫോണ്‍ ഒാഫാക്കി മുങ്ങുകയായിരുന്നു. തിരുവനന്തപുരത്തുവെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. നേരത്തെ പ്രതി ദുബായില്‍ ജോലി ചെയ്തിരുന്നു. മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്