മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 4 കോടി രൂപയുടെ വ്യത്യാസം കണ്ടെത്തിയതായി അഴിമതിയില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട തഴക്കര ബ്രാഞ്ച് മാനേജര്‍. അഴിമതിയെപറ്റി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഹെഡ് ഓഫീസില്‍ നിന്ന് തന്റെ ശാഖയിലേക്ക് മാറ്റിയ പണത്തിന്റെ വൗച്ചറുകള്‍ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് വ്യക്തമായതെന്നും ജ്യോതി മധു പറഞ്ഞു.
രാവിലെ 11 മണിയോടെ ബാങ്കിലെത്തിയ തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധുവിനെ കണക്കുകള്‍ പരിശോധിക്കാന്‍ അനുവദിക്കാതെ ഹെഡ് ഓഫീസ് അധികൃതര്‍ ബാങ്കിനു വെളിയില്‍ നിര്‍ത്തി. ഇവര്‍ക്ക് കണക്കുകള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്ന സമയം മൂന്നു മണി വരെയായിരുന്നു. എന്നാല്‍ 2.45 വരെ പുറത്തുനിര്‍ത്തിയശേഷം ഇവര്‍ ബാങ്കിന് മുന്പില് നിരാഹാരം നടത്തുമെന്ന് പറഞ്ഞതിനുശേഷമാണ്് ബാങ്കില്‍ കയറാന്‍ അനുവദിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശാഖയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുള്ളതായി ബോധ്യമായതായി ജ്യോതി മധു പറഞ്ഞു. തൊട്ടുപിന്നാലെ മാവേലിക്കര പോലീസെത്തി ജ്യോതി മധുവിനെ കസ്റ്റഡിയിലെടുത്തു. ബാങ്കില്‍ അധിക്രമിച്ചുകയറി ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സി.ഐ.പി.ശ്രീകുമാര്‍ സ്ഥലത്തെത്തി. കണക്കുകള്‍ പരിശോധിക്കാന്‍ ഡിസിപ്ലിനറി കമ്മറ്റി ജ്യോതി മധുവിന് നല്കിയ രേഖകള്‍ കാണിച്ചതോടെ സി.ഐ ഇവരെ ബാങ്കിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് സെക്രട്ടറിയുടെ ക്യാബിനില്‍ വച്ചു നടന്ന പരിശോധനകള്‍ക്കു ശേഷമാണ് നാലു കോടിയിലേറെ രൂപയുടെ വൗച്ചറുകളില്‍ തന്റെ കള്ളയൊപ്പിട്ടിട്ടുള്ളതായി ജ്യോതി മധു ആരോപണമുന്നയിച്ചത്.