ദാവൂദ് ഇബ്രാഹിം കാഞ്ഞിരപ്പള്ളിയില്‍ പൊലീസിന്റെ പിടിയിലായി. മോഷണ ശ്രമത്തിനിടെയാണ് കുടുങ്ങിയത്. അധോലോക നായകനാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഇത് തമിഴ്നാട്ടുകാരനായ ലൊട്ടുലൊടുക്ക് കള്ളന് ദാവൂദ്
കോയമ്പത്തൂരില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തേങ്ങ കയറ്റിയ ലോറിയുമായെത്തിയതാണ് ദാവൂദ്. തേങ്ങ ഇറക്കിയ ശേഷമായിരുന്നു ദാവൂദിന്റെ ചില്ലറ മോഷണ ശ്രമം. പഞ്ചായത്ത് വളവില്‍ നിറുത്തിയിട്ടിരുന്ന ക്രെയിന്‍ സര്‍വീസ് നടത്തുന്ന ജീപ്പിലെ ബാറ്ററിമേലാണ് ദാവൂദ് കൈ വച്ചത്. കൃത്യസമയത്തു തന്നെ ജീപ്പുടമ ഷിജോ ആ വഴിയെത്തി. ബാറ്ററി മോഷ്ടിക്കുന്നത് കണ്ട ഷിജോ പോലീസിൽ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ്, ബാറ്ററി മാത്രമല്ല ജീപ്പിന്റെ ലൈറ്റും മോഷ്ടിച്ചതായി കണ്ടെത്തി. ബാറ്ററിയും ലൈറ്റും മോഷ്ടിച്ച വിരുതന്റെ പേര് കേട്ട പൊലീസിനും ആദ്യം ചിരിയാണ് വന്നത്. പേര് കൊണ്ട് കുപ്രസിദ്ധനായ ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷിക്കുന്നുണ്ട്.